കാനഡയെ ആശങ്കയിലാക്കി നോറോ വൈറസ് വ്യാപനം 

By: 600002 On: Apr 30, 2024, 7:04 AM

 


കാനഡയില്‍ നോറോ വൈറസ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത് പ്രതീക്ഷിച്ചതിലും ഉയര്‍ന്ന നിരക്കിലാണ് നോറോ വൈറസ് വ്യാപിക്കുന്നതെന്നും ഒന്റാരിയോയിലും ആല്‍ബെര്‍ട്ടയിലുമാണ് കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നതെന്നും പബ്ലിക് ഹെല്‍ത്ത് ഏജന്‍സി ഓഫ് കാനഡ(പിഎച്ച്എസി) റിപ്പോര്‍ട്ട് ചെയ്തു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 2024 ല്‍ നോറോ വൈറസ് കേസുകളുടെ എണ്ണം ഉയര്‍ന്നതായി പിഎച്ച്എസി അറിയിച്ചു. ബീസി, സസ്‌ക്കാച്ചെവന്‍, മാനിറ്റോബ, ന്യൂബ്രണ്‍സ്‌വിക്ക്, ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍ എന്നീ പ്രവിശ്യകളിലും കേസുകള്‍ വര്‍ധിക്കുന്നുണ്ട്. 

ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകള്‍. കടുത്ത ഛര്‍ദ്ദി, വയറിളക്കം, പനി, തലവേദന, ശരീര വേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. ആളുകള്‍ കൂടുതലായി ഒത്തുചേരലുകള്‍ നടത്തുകയും യാത്രകള്‍ നടത്തുകയും ചെയ്യുന്നത് നോറോ വൈറസ് വ്യാപനം രൂക്ഷമാകാന്‍ സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു.