മോശം വായു ഗുണനിലവാരം: എഡ്മന്റണിലെ കുടുംബം വീട് ഉപേക്ഷിച്ച് പോയി 

By: 600002 On: Apr 29, 2024, 4:58 PM

 


വായു മലിനീകരണം മൂലം എഡ്മന്റണിലെ ഷെര്‍വുഡ് പാര്‍ക്കിലെ കുടുംബം വീട് ഉപേക്ഷിച്ചു പോയി. തങ്ങളുടെ പുതിയ വീട് വാസയോഗ്യമല്ലെന്നും ഒരാഴ്ച മാത്രം താമസിച്ചതിന് ശേഷം തങ്ങള്‍ വീട് വിട്ടിറങ്ങാന്‍ നിര്‍ബന്ധിതരായെന്നും എല്‍ഡനും കാരന്‍ മക്‌നോട്ടനും പറയുന്നു. മോശം വായുമലിനീകരണം മൂലം ആസ്ത്മ രോഗിയായ എല്‍ഡനും അവരുടെ നാല് വയസ്സ് പ്രായമുള്ള എറിന്‍ എന്ന മകള്‍ക്കും ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നുവെന്നതാണ് വീട് വിടാന്‍ ഇവരെ നിര്‍ബന്ധിതരാക്കിയത്. കഴിഞ്ഞ ഒക്ടോബറിലാണ് കുടുംബം പുതിയ വീട്ടിലേക്ക് താമസം മാറിയത്. വീട്ടില്‍ താമസിക്കാന്‍ തുടങ്ങി മൂന്നാം ദിവസം മുതല്‍ എറിന്‍ ശ്വസിക്കാന്‍ പാടുപെടുകയായിരുന്നുവെന്ന് ദമ്പതികള്‍ പറഞ്ഞു. വീടിനുള്ളില്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യം ക്വാളിക്കോയുടെ ഉടമസ്ഥതയിലുള്ള സ്ട്രീറ്റ്‌സൈഡ് ഡെവലപ്‌മെന്റ് എന്ന ബില്‍ഡറെ അറിയിച്ചു. 

കമ്പനി നടത്തിയ പരിശോധനയില്‍ പ്രശ്‌നങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ ദമ്പതികള്‍ സ്വകാര്യ കമ്പനിയെ ആശ്രയിച്ചു. പിന്നീട് നടത്തിയ പരിശോധനയില്‍ വിവിധ ബില്‍ഡിംഗ് മെറ്റീരിയലുകളില്‍ നിന്നും പുറത്തുവിടുന്ന ഉയര്‍ന്ന അളവിലുള്ള മാലിന്യങ്ങള്‍ വീടിനുള്ളില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്നാണ് ആസ്ത്മ രോഗിയായ മകളുമായി വീട്ടില്‍കഴിയുന്നത് ആരോഗ്യത്തിന് ദോഷകരമാണെന്ന് തിരിച്ചറിയുന്നതും വീട് ഉപേക്ഷിച്ച് പോകാനുള്ള തീരുമാനമെടുക്കുന്നതും.