ഒന്റാരിയോയില്‍ അപകടകാരികളായ ഹാമര്‍ഹെഡ് വിരകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട് 

By: 600002 On: Apr 29, 2024, 12:23 PM

 


ഒന്റാരിയോയില്‍ അപകടകാരികളായ ഹാമര്‍ഹെഡ് വിരകള്‍ വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. ബ്രോഡ്‌ഹെഡ് പ്ലാനേറിയന്‍ എന്നറിയപ്പെടുന്ന വിരകള്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് ഭീഷണിയാണ്. മൂന്നടി വരെ നീളമുള്ള ഇവ വിഷകാരികളാണ്. ന്യൂമാര്‍ക്കറ്റ്, ഹാമില്‍ട്ടണ്‍, കിച്ച്‌നര്‍ എന്നിവടങ്ങളില്‍ അടുത്തിടെ ഇവ വര്‍ധിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്യുബെക്കിലും ഇവയുടെ സാന്നിധ്യം ഉണ്ട്. 

സൗത്ത്ഈസ്റ്റ് ഏഷ്യന്‍ ഭാഗങ്ങളിലാണ് ഇവയെ സാധാരണയായി കണ്ടുവരാറുള്ളത്. അമേരിക്കയില്‍ നിന്നുള്ള നഴ്‌സറി സ്‌റ്റോക്ക് മെറ്റീരിയലുകള്‍ വഴി ആകസ്മികമായി പ്രവിശ്യയിലേക്കെത്തിപ്പെട്ടിരിക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. ഇവയെ കൈകള്‍ കൊണ്ട് സ്പര്‍ശിക്കരുതെന്നും കൈയുറകള്‍ ധരിച്ച് മാത്രമേ എടുത്തുകളയാവൂ എന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. മനുഷ്യര്‍ക്ക് ഗുരുതരമായി ഏല്‍ക്കില്ലെങ്കിലും ഇവയെ സ്പര്‍ശിച്ചുകഴിഞ്ഞാല്‍ ത്വക്കില്‍ ചുണങ്ങ് പോലുള്ള അലര്‍ജികള്‍ ഉണ്ടാവുമെന്നാണ് പറയുന്നത്.