കാനഡയില്‍ നിന്നും വിദേശരാജ്യങ്ങളില്‍ കുടിയേറി താമസിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു: സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ 

By: 600002 On: Apr 29, 2024, 11:59 AM

 

2016 ലെ കണക്കനുസരിച്ച് കാനഡയില്‍ നിന്നും കുടിയേറി വിദേശരാജ്യങ്ങളില്‍ താമസിക്കുന്നവരുടെ എണ്ണം ഏകദേശം നാല് മില്യണ്‍ ആണെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ. ഇത് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 11 ശതമാനത്തിലധികം വരുമെന്നാണ് കണക്കുകള്‍. മക്ഗില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി സ്റ്റഡി ഓഫ് കാനഡയില്‍ നിന്നും പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പ്രവാസികളെ മികച്ച രീതിയില്‍ പിന്തുണയ്ക്കാം എന്നതിന് പദ്ധതി തയാറാക്കാന്‍ ഫെഡറല്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. 1990 മുതല്‍ ഏകദേശം 36 ശതമാനം വര്‍ധനയാണ് വിദേശത്തേക്ക് പോകുന്നവരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 

കുടിയേറ്റക്കാരില്‍ 15 ശതമാനത്തിലധികം പേര്‍ സ്ഥിരതാമസക്കാരായി മാറിയതിന് ശേഷം 20 വര്‍ഷത്തിനുള്ളില്‍ കാനഡ വിടാന്‍ തീരുമാനിക്കുന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഒന്നുകില്‍ അവരുടെ മാതൃരാജ്യത്തേക്ക് മടങ്ങുകയോ അല്ലെങ്കില്‍ മറ്റൊരു രാജ്യത്തേക്ക് കുടിയേറുകയോ ആണ് ചെയ്യുക. 

അമേരിക്ക, ഹോങ്കോംങ്, യുകെ, ഓസ്‌ട്രേലിയ, സൗത്ത് കൊറിയ, ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് പ്രധാനമായും കാനഡയില്‍ നിന്നും കുടിയേറിത്താമസിക്കുന്നത്.