സെപ്റ്റംബര്‍ മുതല്‍ ഒന്റാരിയോയില്‍ ക്ലാസ് മുറികളില്‍ സെല്‍ഫോണ്‍ നിരോധിക്കും 

By: 600002 On: Apr 29, 2024, 11:25 AM

 


സ്‌കൂളുകളില്‍ സെല്‍ഫോണ്‍ ഉപയോഗവും വേപ്പിംഗും തടയാന്‍ പുതിയ നടപടികള്‍ സ്വീകരിച്ചതായി ഒന്റാരിയോ സര്‍ക്കാര്‍ അറിയിച്ചു. സെപ്റ്റംബറില്‍ ആരംഭിക്കുന്ന 2024-25 അധ്യയന വര്‍ഷത്തില്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും. കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ ആറാം ഗ്രേഡ് വരെ അധ്യാപകന്‍ അനുവദിക്കുന്നില്ലെങ്കില്‍ ദിവസം മുഴുവന്‍ സ്‌കൂളില്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല. 

എന്നാല്‍ ഗ്രേഡ് 7 നും 12 നും ഇടയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് സമയത്ത് മാത്രമായാണ് സെല്‍ഫോണ്‍ നിരോധിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥി നിയമങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ അവരുടെ സെല്‍ഫോണ്‍ ഉടന്‍ തന്നെ സ്റ്റാഫ് അംഗങ്ങള്‍ക്ക് സമര്‍പ്പിക്കുകയും മാതാപിതാക്കളെ വിവരം അറിയിക്കുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. 

സെല്‍ഫോണ്‍ കൂടാതെ സ്‌കൂളുകളില്‍ വേപ്പിംഗും നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. സ്‌കൂളുകളില്‍ വേപ്പ് ഡിറ്റക്ടറുകളും മറ്റ് സുരക്ഷാ ഉപകരണങ്ങളും സ്ഥാപിക്കുന്നതിന് 30 മില്യണ്‍ ഡോളര്‍ ചെലവഴിക്കുമെന്ന് സര്‍ക്കാര്‍ 2024 ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. പുതിയ നിയമ പ്രകാരം, സ്‌കൂള്‍ പ്രോപ്പര്‍ട്ടിയില്‍ വേപ്പ് അല്ലെങ്കില്‍ ഇ-സിഗരറ്റ് ഉല്‍പ്പന്നങ്ങളുമായി പിടിക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ അവ സറണ്ടര്‍ ചെയ്യേണ്ടതുണ്ടെന്നും മാത്രമല്ല, രക്ഷിതാക്കളെ വിവരം അറിയിക്കുകയും ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.