വൈറ്റ്‌റോക്കില്‍ ഇന്ത്യന്‍ വംശജന്‍ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. സംഭവത്തിന് ദൃക്‌സാക്ഷികളായവരെ ഹാജരാക്കാന്‍ ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇന്‍വെസ്റ്റിഗേഷന്‍ ടീം(IHIT) ആവശ്യപ്പെട്ടു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി സുഹൃത്തിനൊപ്പമിരുന്ന 26കാരനായ കുല്‍വീന്ദര്‍ സോഹിക്കാണ് ഡോള്‍ഫിന്‍ സ്ട്രീറ്റിന് കിഴക്ക് മറൈന്‍ ഡ്രൈവിന് സമീപം കുത്തേറ്റത്.
സംഭവത്തില്‍ ദൃക്‌സാക്ഷികളായവര്‍ വിവരം നല്‍കാനും രാത്രി 8 നും 10 നും ഇടയില്‍ പ്രദേശത്തുള്ള ഡാഷ്‌ക്യാം ഫൂട്ടേജ് നല്‍കാനും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിലവില്‍ ലഭിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങളില്‍ പ്രതി സോഹിയെ കുത്തുമ്പോള്‍ പ്രദേശത്ത് നിരവധി പേരുണ്ടായിരുന്നു. കൂടാതെ, ആക്രമണത്തിന് ഇരയായ ശേഷം സോഹി അക്രമിയെ പിന്തുടരാന്‍ ശ്രമിച്ചിരുന്നതായും പോലീസ് പറഞ്ഞു.