ലോക റെക്കോര്‍ഡ് തകര്‍ക്കാന്‍ ഡ്രംഹെല്ലറിലേക്ക്‌ ഒഴുകിയെത്തി ആയിരക്കണക്കിന് ദിനോസര്‍ കുപ്പായക്കാര്‍

By: 600002 On: Apr 29, 2024, 8:22 AM

 

 

ഗിന്നസ് ബുക്കില്‍ ഇടം നേടാന്‍ വ്യത്യസ്തമായ പരിപാടിയാണ് ട്രാവല്‍ ഡ്രംഹെല്ലര്‍ സംഘടിപ്പിച്ച ജുറാസിക് ജംബോറി എന്ന പരിപാടി. വായു നിറച്ച ദിനോസര്‍ വസ്ത്രങ്ങള്‍ ധരിച്ച ആയിരക്കണക്കിന് ആളുകളാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ ഡ്രംഹെല്ലറിലേക്ക് ഒഴുകിയെത്തിയത്. 2019 ല്‍ ലോസ് ഏഞ്ചല്‍സില്‍ 252 ദിനോസര്‍ വേഷധാരികള്‍ ഒത്തുകൂടി സ്ഥാപിച്ച ഏറ്റവും വലിയ ഒത്തുചേരല്‍ എന്ന റെക്കോര്‍ഡ് തകര്‍ക്കുക എന്നതാണ് ട്രാവല്‍ ഡ്രംഹെല്ലറുടെ ലക്ഷ്യം. സംഗീതപരിപാടികള്‍, ഗെയിമുകള്‍ തുടങ്ങി വിവിധയിനം പരിപാടികളാണ് ഡൗണ്‍ടൗണ്‍ ഏരിയയില്‍ ഉടനീളം ദിനോസര്‍ വസ്ത്രം ധരിച്ചെത്തിയവര്‍ക്കായി ഒരുക്കിയിരുന്നത്. ശനിയാഴ്ചയാണ് പരിപാടി സംഘടിപ്പിച്ചത്.

ദിനോസറിന്റെ തലയും ശരീരവും ഉള്ള ഫുള്‍ബോഡി ദിനോസര്‍ വസ്ത്രങ്ങള്‍ ആണ് പങ്കെടുക്കുന്നവര്‍ ധരിച്ചത്. റൈഡ്-ഓണ്‍ സ്‌റ്റൈല്‍ ദിനോസര്‍ വസ്ത്രങ്ങള്‍ ധരിക്കരുത് എന്നുണ്ടായിരുന്നു. രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് കണക്കെടുപ്പ് നടന്നത്. പരിശോധിച്ച് ഉറപ്പിച്ച് റെക്കോര്‍ഡ് ഹോള്‍ഡര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. കൃത്യമായ കണക്ക് ഇപ്പോള്‍ പുറത്തുവന്നിട്ടില്ല. എന്നാല്‍ രാജ്യത്തുടനീളമുള്ള ഏകദേശം 3,000 ത്തിലധികം പേര്‍ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് ട്രാവല്‍ ഡ്രംഹെല്ലര്‍ പറയുന്നു.  

കഴിഞ്ഞ വര്‍ഷം 1,100 ദിനോസര്‍ വസ്ത്രധാരികള്‍ ചെറിയ സസ്‌ക്കാച്ചെവന്‍ കമ്മ്യൂണിറ്റിയായ ഡണ്‍ഡൂണില്‍ ഒത്തുകൂടിയിരുന്നു. എന്നാല്‍ അന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് അത് അംഗീകരിച്ചിരുന്നില്ല.