സ്വി​ഗിയിൽ ഐസ്ക്രീം ഓർഡർ ചെയ്ത് കിട്ടിയില്ല; പരാതിക്കാരിക്ക് നഷ്ട പരിഹാരം നൽകാൻ വിധിച്ച് കോടതി

By: 600007 On: Apr 28, 2024, 5:40 AM

 

ബെം​ഗളൂരു: ഐസ്ക്രീം ഓർഡർ ചെയ്ത് ലഭിക്കാത്തതിനാൽ പരാതിക്കാരന് നഷ്ടപരിഹാരം നൽകണമെന്ന് സ്വിഗ്ഗിയോട് കോടതി. ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി ആപ്പ് വഴി ഓർഡർ ചെയ്ത ഐസ്ക്രീം വിതരണം ചെയ്യാത്തതിന് കമ്പനിക്കെതിരെ കേസ് കൊടുക്കുകയായിരുന്നു ഉപഭോക്താവ്. ഇയാൾക്ക് നഷ്ടപരിഹാരമായി 3,000 രൂപയും വ്യവഹാരച്ചെലവായി 2,000 രൂപയും നൽകാൻ കോടതി ഉത്തരവിടുകയായിരുന്നു. 


സേവനത്തിൻ്റെ പോരായ്മയും അന്യായമായ വ്യാപാര സമ്പ്രദായവുമാണ് സ്വി​​​​ഗിയിൽ നിന്നുണ്ടായതെന്ന് നിരീക്ഷിച്ച ബെംഗളൂരുവിലെ ഒരു ഉപഭോക്തൃ കോടതി ഐസ്ക്രീമിൻ്റെ തുകയായ 187 രൂപ ഉപഭോക്താവിന് തിരികെ നൽകാൻ സ്വിഗ്ഗിയോട് ഉത്തരവിട്ടു. 2023 ജനുവരിയിൽ ഓർഡർ ചെയ്ത 'നട്ടി ഡെത്ത് ബൈ ചോക്ലേറ്റ്' ഐസ്ക്രീം വിതരണം ചെയ്യുന്നതിലാണ് സ്വിഗ്ഗി പരാജയപ്പെട്ടത്. ഇതിനെ തുടർന്ന് ഉപഭോക്താവ് ഉപഭോക്തൃ കമ്മീഷനെ സമീപിക്കുകയായിരുന്നു. ഒരു ഡെലിവറി ഏജൻ്റ് ഐസ്ക്രീം കടയിൽ നിന്ന് ഓർഡർ എടുത്തെങ്കിലും അത് അവൾക്ക് ഡെലിവർ ചെയ്തില്ല, എന്നാൽ ആപ്പിലെ സ്റ്റാറ്റസ് അത് 'ഡെലിവർ ചെയ്തു' എന്നായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. സ്വിഗ്ഗിയോട് വിഷയം ഉന്നയിച്ചെങ്കിലും ഓർഡറിന് കമ്പനി റീഫണ്ട് നൽകില്ലെന്നായിരുന്നു മറുപടി. ഇതേത്തുടർന്നാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

ഉപഭോക്താക്കൾക്കും റെസ്റ്റോറൻ്റുകൾക്കുമിടയിലുള്ള ഒരു ഇടനിലക്കാരൻ മാത്രമാണെന്നും ഡെലിവറി ഏജൻ്റിൻ്റെ ആരോപണത്തിന് ഉത്തരവാദികളാകാൻ കഴിയില്ലെന്നും സ്വിഗ്ഗി കോടതിയിൽ വാദിച്ചു. ആപ്പിൽ ഡെലിവർ ചെയ്തതായി അടയാളപ്പെടുത്തിയപ്പോൾ ഓർഡർ ഡെലിവർ ചെയ്‌തിട്ടുണ്ടോയെന്ന് പരിശോധിക്കാൻ കഴിയില്ലെന്ന് കമ്പനി വ്യക്തമാക്കി. എന്നാൽ സ്വി​ഗിയുടെ വാദങ്ങൾ കോടതി നിരസിച്ചു.

ഓർഡർ ചെയ്ത ഉൽപ്പന്നം ഡെലിവറി ചെയ്തിട്ടില്ലെങ്കിലും പരാതിക്കാരൻ അടച്ച തുക റീഫണ്ട് ചെയ്യാത്തതിനാൽ പരാതിയിൽ കഴമ്പുണ്ടെന്ന് പരിഗണിക്കുന്നുവെന്ന് കോടതി വ്യക്തമാക്കി. ഇത് നിങ്ങളുടെ സർവ്വീസിന്റെ പ്രശ്നമാണെന്നും കോടതി വ്യക്തമാക്കുന്നു. തുടർന്ന് 187 രൂപ തിരികെ നൽകാനും 3,000 രൂപ നഷ്ടപരിഹാരവും 2,000 രൂപ വ്യവഹാര ചെലവും നൽകാനും സ്വിഗ്ഗിയോട് കോടതി നിർദ്ദേശിച്ചു. നഷ്ടപരിഹാരമായി 10,000 രൂപയും വ്യവഹാരച്ചെലവായി 7,500 രൂപയും പരാതിക്കാരൻ ആവശ്യപ്പെട്ടെങ്കിലും അത് അമിതമാണെന്ന് കോടതി കണ്ടെത്തിയാണ് ഈ തുക നിർദേശിച്ചത്.