അമേരിക്കയിൽ ബാങ്കുകളുടെ തകർച്ച തുടർക്കഥയാകുന്നു. ഏറ്റവും ഒടുവിൽ ഫിലാഡൽഫിയ ആസ്ഥാനമായുള്ള റിപ്പബ്ലിക് ഫസ്റ്റ് ബാങ്ക് പൂർണമായും അടച്ചുപൂട്ടി. കഴിഞ്ഞവർഷം നവംബർ മൂന്നിന് സിറ്റിസൺസ് ബാങ്ക് അടച്ചുപൂട്ടിയതിന് പിന്നാലെയാണ് ഇപ്പോൾ റിപ്പബ്ലിക് ഫസ്റ്റ് ബാങ്കും പ്രവർത്തനം നിർത്തിയിരിക്കുന്നത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്ക് തകർച്ചയാണിത്. പ്രതിസന്ധിയെ തുടർന്ന് പ്രവർത്തനം നിർത്തിയ ബാങ്കിന്റെ നിയന്ത്രണം ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ ഏൽപ്പിക്കുകയായിരുന്നു. ബാങ്കിനെ ഏറ്റെടുക്കാൻ പെൻസിൽ വാനിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫുൾട്ടൺ ബാങ്ക് തയ്യാറായി രംഗത്ത് എത്തിയതോടെ റിപ്പബ്ലിക് ബാങ്ക് പൂർണ്ണമായും ഇല്ലാതായി. റിപ്പബ്ലിക് ബാങ്കിന്റെ 32 ശാഖകളും ഫുൾട്ടൻ ബാങ്ക് എന്ന പേരിൽ പ്രവർത്തനം പുനരാരംഭിക്കും. റിപ്പബ്ലിക് ഫസ്റ്റ് ബാങ്കിലെ എല്ലാ നിക്ഷേപകർക്കും ചെക്ക് ബുക്കുകളോ എടിഎം വഴിയോ ഫുൾട്ടൺ ബാങ്കിന്റെ ശാഖകളിൽ നിന്ന് നിക്ഷേപം പിൻവലിക്കാം. റിപ്പബ്ലിക് ഫസ്റ്റ് ബാങ്കിൽ നിന്ന് വായ്പ എടുത്ത ആളുകൾ തിരിച്ചടവ് തുടരുകയും വേണം.