പൊതുഇടങ്ങളില്‍ മയക്കുമരുന്ന് ഉപയോഗം നിരോധിച്ച് ബീസി സര്‍ക്കാര്‍ ഉത്തരവിട്ടു 

By: 600002 On: Apr 27, 2024, 11:36 AM

 

ഡ്രഗ് ഡീക്രിമിനലൈസേഷന്‍ പൈലറ്റ് പ്രൊജക്ടിന്റെ ഭാഗമായി ആശുപത്രികള്‍, പാര്‍ക്കുകള്‍ തുടങ്ങിയവ ഉള്‍പ്പെടെ എല്ലാ പൊതുഇടങ്ങളിലും മയക്കുമരുന്ന് ഉപയോഗം നിരോധിക്കുമെന്ന് ബീസി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മൂന്ന് വര്‍ഷത്തെ ഡീക്രിമിനലൈസേഷന്‍ പൈലറ്റ് പ്രോജക്ടിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ഡ് ഡ്രഗ്‌സ് ആന്‍ഡ് സബ്‌സറ്റന്‍സസ് ആക്ട് മാറ്റുന്നതിന് സര്‍ക്കാര്‍ ഹെല്‍ത്ത് കാനഡയോട് ഔപചാരിക അഭ്യര്‍ത്ഥന നടത്തിയതായി പ്രീമിയര്‍ ഡേവിഡ് എബി പറഞ്ഞു. 

പൊതുഇടങ്ങളില്‍ മയക്കുമരുന്ന് ഉപയോഗത്തിനുള്ള നിയന്ത്രണങ്ങള്‍ നിയമമാക്കാനുള്ള പ്രവിശ്യയുടെ സ്വന്തംനിലയിലുള്ള നിയമപോരാട്ടം കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും കോടതിയില്‍ തുടരുമെന്ന് അറ്റോര്‍ണി ജനറല്‍ സൂചിപ്പിച്ചതിന് പിന്നാലെയാണ് മാറ്റങ്ങള്‍ അനിവാര്യമാണെന്ന് എബി അന്തിമ തീരുമാനത്തിലെത്തിയത്. 

ട്രാന്‍സിറ്റ് മുതല്‍ റെസ്റ്റോറന്റുകള്‍, ബീച്ചുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ നിരോധിത മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഈ നിയമങ്ങള്‍ക്ക് കീഴില്‍ പോലീസിന് കഴിയും. മയക്കുമരുന്ന് ഉപയോഗിക്കുന്ന വ്യക്തിയെ പ്രദേശത്തു നിന്നും നീക്കാന്‍ പോലീസിന് കഴിയും. മയക്കുമരുന്ന് പിടിച്ചെടുക്കാനോ ആവശ്യമെങ്കില്‍ അവരെ അറസ്റ്റ് ചെയ്യാനോ നിയമം വഴി സാധിക്കും.