വാംപയർ ഫേഷ്യലിലൂടെ എച്ച്.ഐ.വി പടർന്നു, ഉറവിടം അജ്ഞാതം; ബ്യൂട്ടി സ്പായുടെ പ്രവർത്തനത്തിൽ അന്വേഷണം

By: 600007 On: Apr 27, 2024, 10:58 AM

 

കോസ്‍മെറ്റിക് ലോകത്ത് ഏറെ ശ്രദ്ധയാർഷിച്ച ഒരു സൗന്ദര്യ വർദ്ധക രീതിയായിരുന്നു വാംപയർ ഫേഷ്യൽ. പാർട്ടികളിൽ തിളങ്ങാനും യൗവനം നിലനിർത്താനുമൊക്കെ ഉപയോഗിക്കുന്ന വാംപയർ ഫേഷ്യൽ വൻ ദുരന്തമായി മാറിയ സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവരികയാണ്. അമേരിക്കയിൽ ന്യൂമെക്സിക്കോയിൽ പ്രവ‍ർത്തിച്ചിരുന്ന ഒരു സ്പായിൽ നിന്ന് ഈ ഫേഷ്യൽ ചെയ്ത കൂടുതൽ പേർക്ക് എച്ച്.ഐ.വി അണുബാധ സ്ഥിരീകരിച്ചതോടെയാണ് അധികൃതർ ഇതേക്കുറിച്ചുള്ള അന്വേഷണം പുനഃരാംരംഭിച്ചത്.

ചെലവ് കുറഞ്ഞതും ഏറെ ഫലപ്രദവുമായ സൗന്ദര്യവ‍ർദ്ധക രീതിയായാണ് വാംപയർ ഫേഷ്യൽ അറിയപ്പെടുന്നത്. ഇതിനായി ഒരു വ്യക്തിയുടെ കൈയിലെ രക്തക്കുഴലിൽ നിന്ന് രക്തം ശേഖരിച്ച് അതിലുള്ള പ്ലേറ്റ്ലറ്റുകളെ വേർതിരിക്കും. തുടർന്ന് അതീവസൂക്ഷ്മ സൂചികൾ ഉപയോഗിച്ച് അവ മുഖത്തേക്ക് കുത്തിവെയ്ക്കുകയാണ് ചെയ്യുന്നത്. ചെയ്യാൻ എളുപ്പവും ചെലവ് കുറവുമൊക്കെ ആണെങ്കിലും അണുവിമുക്തമല്ലാത്ത സാഹചര്യത്തിൽ ഇത് ചെയ്യുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് വഴിതുറക്കും.

2018ലാണ് ന്യൂ മെക്സികോയിലെ ഒരു സ്പായിൽ നിന്ന് വാംപയർ ഫേഷ്യൽ ചെയ്തവരിൽ ഒരാൾക്ക് എച്ച്.ഐ.വി അണുബാധ സ്ഥിരീകരിച്ചത്. അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ പ്രിവൻഷൻ പരിശോധന നടത്തി ഈ സ്ഥാപനം അടപ്പിച്ചു. അണുവിമുക്തമാക്കാത്ത സൂചി കൊണ്ട് ഇഞ്ചക്ഷൻ ചെയ്തതാണ് എച്ച്.ഐ.വി ബാധയ്ക്ക് പിന്നിലെന്ന് കണ്ടെത്തി. ഇതിന് പിന്നാലെ ഈ സ്പായിൽ ഫേഷ്യൽ ചെയ്തവർക്ക് എല്ലാം ന്യൂ മെക്സിക്കോ ആരോഗ്യ വകുപ്പ് സൗജന്യ എച്ച്.ഐ.വി പരിശോധന വാഗ്ദാനം ചെയ്തു.