കാനഡയില്‍ യുവതികള്‍ക്കിടയില്‍ സ്തനാര്‍ബുദ നിരക്ക് വര്‍ധിക്കുന്നു: പഠനം 

By: 600002 On: Apr 27, 2024, 9:06 AM

 


കാനഡയില്‍ യുവതികള്‍ക്കിടയില്‍ സ്തനാര്‍ബുദ നിരക്ക് വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഓട്ടവ സര്‍വകലാശാല നടത്തിയ പഠന റിപ്പോര്‍ട്ട്. 20 വയസ്സിനും 40 വയസ്സിനും ഇടയില്‍ പ്രായമുള്ള യുവതികളിലാണ് സ്തനാര്‍ബുദ ബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് പഠനത്തില്‍ കണ്ടെത്തി. 35 വര്‍ഷത്തിലേറെയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്തനാര്‍ബുദ കേസുകള്‍ അവലോകനം ചെയ്താണ് പഠനം പൂര്‍ത്തിയാക്കിയിരിക്കുന്നതെന്ന് യൂണിവേഴ്‌സിറ്റി ഗവേഷകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കനേഡിയന്‍ അസോസിയേഷന്‍ ഓഫ് റേഡിയോളജിസ്റ്റ് ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

20 നും 30 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ പതിവായി സ്തനാര്‍ബുദ പരിശോധനയ്ക്ക് വിധേയരാകുന്നില്ലെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ചെറുപ്പക്കാരായ സ്ത്രീകള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന സ്തനാര്‍ബുദ നിരക്ക് ഭയപ്പെടുത്തുന്നതും ആശങ്കയുളവാക്കുന്നതുമാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഓട്ടവ ഹോസ്പിറ്റലിലെ ബ്രെസ്റ്റ് ഇമേജിംഗ് മേധാവി ഡോ. ജീന്‍ സീലിയ പറഞ്ഞു. യുവതികള്‍ക്കിടയില്‍ സ്തനാര്‍ബുദ നിരക്ക് വര്‍ധിക്കുന്നതിന്റെ മൂലകാരണം മനസ്സിലാക്കാന്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണെന്ന് പഠനം പറയുന്നു. കൂടാതെ, പഠനത്തില്‍ കണ്ടെത്തിയ വസ്തുതകളെ അടിസ്ഥാനമാക്കി യുവതികള്‍ക്കിടയില്‍ സ്തനാര്‍ബുദ ബോധവത്കരണ ക്യാമ്പയ്‌നുകളും സ്‌ക്രീനിംഗ് പ്രോഗ്രാമുകളും കൂടുതലായി നടത്താന്‍ ലക്ഷ്യമിടുന്നതായും ഡോ. സീലി വ്യക്തമാക്കി.