ബീസിയില്‍ താമസക്കാര്‍ക്ക് സൗജന്യ എയര്‍ കണ്ടീഷനിംഗ് യൂണിറ്റുകള്‍ ലഭ്യമാക്കാന്‍ ബീസി ഹൈഡ്രോ 

By: 600002 On: Apr 26, 2024, 12:44 PM

 

സമ്മര്‍ സീസണ്‍ അടുത്തുവരികയാണ്. ഇത്തവണ ചൂട് അതികഠിനമായിരിക്കുമെന്നും വരള്‍ച്ച രൂക്ഷമാകുമെന്നുമാണ് പ്രവചനം. ചൂടുള്ള കാലാവസ്ഥയില്‍ നിന്നും രക്ഷപ്പെടാനായി ബ്രിട്ടീഷ് കൊളംബിയയില്‍ സൗജന്യ എയര്‍ കണ്ടീഷനുകള്‍ ലഭ്യമാക്കുകയാണ്. അര്‍ഹരായ താമസക്കാര്‍ക്ക് പോര്‍ട്ടബിള്‍ എയര്‍ കണ്ടീഷനിംഗ് യൂണിറ്റുകളാണ് സൗജന്യമായി ബിസി ഹൈഡ്രോ വാഗ്ദാനം ചെയ്യുന്നത്. എയര്‍ കണ്ടീഷനിംഗ് യൂണിറ്റ് ആവശ്യമുള്ളവരുടെ വീടുകളില്‍ ബീസി ഹൈഡ്രോ 8,000 സൗജന്യ യൂണിറ്റുകള്‍ സ്ഥാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പ്രത്യേക വരുമാന വിഭാഗങ്ങളിലുള്ളവര്‍ക്കാണ് ഇതിന് അര്‍ഹതയുണ്ടാവുക. 

പ്രായമായവര്‍, താഴ്ന്ന വരുമാനമുള്ളവര്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍, ബീസി ആരോഗ്യമന്ത്രാലയത്തിന്റെ അഭിപ്രായത്തില്‍ അതിശക്തമായ ചൂട് താങ്ങാന്‍ കഴിയാത്തവര്‍, ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ എന്നിവര്‍ക്കാണ് പ്രോഗ്രാമിലൂടെ സഹായം നല്‍കാന്‍ ഉദ്ദേശിക്കുന്നത്. 

അര്‍ഹതപ്പെട്ടവര്‍ക്ക് നികുതിക്ക് മുമ്പ് കുടുംബവരുമാനം 39,700 ഡോളറോ അല്ലങ്കില്‍ അതില്‍ കുറവോ ആയിരിക്കണം. ഒരു വീട്ടില്‍ താമസിക്കുന്ന ദമ്പതികള്‍ക്കോ രണ്ട് പേര്‍ക്കോ (49,500 ഡോളര്‍ വരുമാനമുള്ളവര്‍) എന്നിവര്‍ക്കും പരമാവധി വരുമാനം 60,800 ഡോളര്‍ വരുന്ന മൂന്ന് പേരുള്ള വീടിനോ ആണ് യൂണിറ്റ് ലഭിക്കാന്‍ അര്‍ഹത. 

സിംഗിള്‍, ഫാമിലി ഡിറ്റാച്ച്ഡ് ഹോം, ടൗണ്‍ഹോം, അപ്പാര്‍ട്ട്‌മെന്റ്, കോണ്ടോ, റോഹോം, മൊബൈല്‍ ഹോം എന്നീ ഹൗസിംഗ് ടൈപ്പുകള്‍ക്ക് യൂണിറ്റ് നല്‍കും. വാടകക്കാര്‍ക്ക് ബീസി ഹൈഡ്രോ അല്ലെങ്കില്‍ സിറ്റി ഓഫ് ന്യൂ വെസ്റ്റ്മിന്‍സ്റ്റര്‍ യൂട്ടിലിറ്റി അക്കൗണ്ട് ഉപയോഗിച്ച് അപേക്ഷിക്കാം. ഇവര്‍ ഭൂവുടമയുടെ ഒപ്പിട്ട സമ്മതപത്രം സമര്‍പ്പിക്കണം.