പലസ്തീന്‍ കെഫിയെ ധരിച്ചു; ഒന്റാരിയോ നിയമസഭയില്‍ നിന്ന് പുറത്തുപോകാന്‍ എംപിപി സാറാ ജമയോട് ആവശ്യപ്പെട്ടു 

By: 600002 On: Apr 26, 2024, 12:17 PM

 

 

ക്വീന്‍സ് പാര്‍ക്കില്‍ നിരോധിച്ച പലസ്തീന്‍ കെഫിയെ ധരിച്ചെത്തിയ എംപിപി സാറ ജമയോട് ഒന്റാരിയോ നിയമസഭയില്‍ നിന്നും പുറത്തുപോകാന്‍ ഹൗസ് സ്പീക്കര്‍ ടെഡ് അര്‍നോട്ട് ആവശ്യപ്പെട്ടു. എന്നാല്‍ ജാമ ചേംബറില്‍ നിന്നും പുറത്തിറങ്ങാന്‍ തയാറായില്ല. അറബികളും മുസ്ലീങ്ങളും സാധാരണയായി ധരിക്കുന്നതും പലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകവുമായ കെഫിയെ എന്ന സ്‌കാര്‍ഫ് ധരിക്കുന്നത് കഴിഞ്ഞ ആഴ്ച അര്‍നോട്ട് നിരോധിച്ചിരുന്നു. വസ്ത്രം രാഷ്ട്രീയ പ്രസ്താവനയായി കാണാന്‍ തന്നെ പ്രേരിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. 

ജാമയ്ക്ക് ഇതോടെ ബാക്കിയുള്ള ദിവസങ്ങളില്‍ അസംബ്ലിക്ക് മുമ്പുള്ള കാര്യങ്ങളില്‍ വോട്ടുചെയ്യാനും ഏതെങ്കിലും കമ്മിറ്റി നടപടികളില്‍ പങ്കെടുക്കാനോ മീഡിയ സ്റ്റുഡിയോ, ടേബിള്‍ നോട്ടീസ്, നിവേദനങ്ങള്‍, ചോദ്യങ്ങള്‍ എന്നിവ ഉപയോഗിക്കാനും അര്‍ഹതയുണ്ടാകില്ലെന്ന് സ്പീക്കര്‍ പ്രഖ്യാപിച്ചു. എന്നാല്‍ ക്വസ്റ്റിയന്‍ പീരീയഡ് മുഴുവന്‍ ജമ അസംബ്ലിയില്‍ തുടര്‍ന്നു. ശേഷം ജമയെ നിയമസഭയില്‍ നിന്നും ബലംപ്രയോഗിച്ചാണെങ്കിലും നീക്കം ചെയ്യണമെന്നതില്‍ ശക്തമായ നിലപാട് അര്‍നോട്ടെടുത്തു. 

പ്രീമിയര്‍ ഡഗ് ഫോര്‍ഡ് ഉള്‍പ്പെടെ പ്രവിശ്യയിലെ നാല് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഏകകണ്ഠമായ സമ്മതത്തോടെ അംഗങ്ങള്‍ക്ക് വസ്ത്രം ധരിക്കാന്‍ അനുവദിക്കാനുള്ള എന്‍ഡിപി നേതാവ് മാരിറ്റ് സ്റ്റെല്‍സിന്റെ രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടു. 

ജമയെ പുറത്താക്കിയത് സംബന്ധിച്ച് വാര്‍ത്താസമ്മേളനത്തില്‍ ആരാഞ്ഞപ്പോള്‍ സ്പീക്കറാണ് സഭ നയിക്കുന്നതെന്നും അദ്ദേഹത്തിന്റെ നിലപാടാണ് അതെന്നും ഡഗ് ഫോര്‍ഡ് പ്രതികരിച്ചു.