ഇപ്പോഴും ശമ്പളം 1 ഡോളർ! പക്ഷേ ലോകത്തെ മൂന്നാമത്തെ ധനികൻ

By: 600007 On: Apr 26, 2024, 12:01 PM

 

ലോകത്തിലെ അതിസമ്പന്നരിൽ മൂന്നാമനാണ് മെറ്റ സിഇഒ മാർക്ക് സക്കർബർഗ്. അതേസമയം, മെറ്റയുടെ ഏറ്റവും കുറഞ്ഞ ശമ്പളം വാങ്ങുന്ന ജീവനക്കാരനും മാർക്ക് സക്കർബർഗ് തന്നെയാണ്. 2023-ൽ, അദ്ദേഹത്തിൻ്റെ അടിസ്ഥാന ശമ്പളം ഒരു ഡോളറായിരുന്നു. സാധാരണയായി 35,000 മുതൽ 120,000 വരെ ഡോളർ വരെ ശമ്പളം നൽകുന്ന മെറ്റയെ സംബന്ധിച്ച് ഈ തുക അത്ഭുതപ്പെടുത്തുന്നതാണ്. സർക്കർബർഗിന് എവിടെ നിന്നാണ് വരുമാനം? 

ശമ്പളം 1  ഡോളർ ആണെങ്കിലും സക്കർബർഗിന്റെ വരുമാനം ദശലക്ഷക്കണക്കിന് വരും. വാർഷിക ഷെയർഹോൾഡർ മീറ്റിംഗിന് മുമ്പ് പുറത്തിറക്കിയ പ്രോക്സി ഫയലിംഗ് പ്രസ്താവനയിൽ, ഫേസ്ബുക്ക് സ്ഥാപകന് 24.4 മില്യൺ ഡോളർ വരുമാനം ലഭിച്ചുവെന്ന് മെറ്റാ വെളിപ്പെടുത്തിയിട്ടുണ്ട്. അതിൽ ഒരു പ്രധാന ഭാഗം അദ്ദേഹത്തിൻ്റെ സുരക്ഷാ ചെലവുകൾ ഉൾക്കൊള്ളുന്നു.

ലാറി പേജ്, ലാറി എലിസൺ, അന്തരിച്ച സ്റ്റീവ് ജോബ്‌സ് എന്നിവരോടൊപ്പം 2013 മുതൽ സക്കർബർഗ് "ഡോളർ സാലറി ക്ലബ്ബിൻ്റെ" ഭാഗമാണ്. എന്താണ് "ഡോളർ സാലറി ക്ലബ്ബ്"? 1 ഡോളർ പോലെ നാമമാത്രമായ ശമ്പളം ലഭിക്കുന്ന വ്യക്തികളെ ഉൾക്കൊള്ളുന്നതാണ് ഇത്. ഒരു ദശാബ്ദത്തിലേറെയായി, സക്കർബർഗ് വെറും 11 ഡോളർ ആണ് ശമ്പളമായി നേടിയത്.