3,400 കോടിയോളം കടം വേണം; ധനകാര്യ സ്ഥാപനങ്ങളുമായി ചർച്ച നടത്തി ഗൗതം അദാനി

By: 600007 On: Apr 26, 2024, 11:52 AM

 

അടുത്തവർഷം ആകുമ്പോഴേക്കും 25 ജിഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി അദാനി ഗ്രീൻ എനർജി വൻതോതിൽ ഉള്ള വിഭവസമാഹരണം നടത്തുന്നു. 400 ദശലക്ഷം ഡോളർ, അതായത് 3400 കോടിയോളം രൂപ വായ്പ ലഭ്യമാക്കുന്നതിനാണ് അദാനി ഗ്രീൻ എനർജി ആലോചിക്കുന്നത്.റാബോ ബാങ്ക്,എം യു എഫ് ജി,എസ് എം ബി സി,ഡി ബി എസ് എന്നീ ധനകാര്യ സ്ഥാപനങ്ങളുമായി ഇതുമായി ബന്ധപ്പെട്ട് അദാനി ഗ്രീൻ എനർജി ചർച്ചകൾ ആരംഭിച്ചു. മൂലധന നിക്ഷേപം നടത്തുന്നതിന് ആയിരിക്കും ഈ തുക ഉപയോഗിക്കുക.

 ഇതിനുപുറമേ പൊതു തിരഞ്ഞെടുപ്പിനു ശേഷം 1.3 ബില്യൺ ഡോളർ മൂല്യമുള്ള കടപ്പത്രം  പുറത്തിറക്കാനും അദാനി ആലോചിക്കുന്നുണ്ട്. അദാനി ഗ്രൂപ്പിന് എതിരായ ഹിൻഡൻ ബർഗ് റിപ്പോർട്ട് പുറത്തുവന്നതിനുശേഷം ഇത് ആദ്യമായാണ് കടപ്പത്രത്തിലൂടെ ഇത്രയധികം തുക സമാഹരിക്കാൻ അദാനി പദ്ധതിയിടുന്നത്.