ലോകത്ത് ‘#മീടൂ’ കത്തിപ്പടർന്ന ഹാർവി വൈൻസ്റ്റീൻ കേസിൽ തിരിച്ചടി, ശിക്ഷ ന്യൂയോർക്കിലെ അപ്പീൽ കോടതി തള്ളി

By: 600007 On: Apr 26, 2024, 11:21 AM

 


ന്യൂയോർക്ക്: ലോകത്ത് ‘#മീടൂ’ മൂവ്മെന്‍റ് കത്തിപ്പടർന്ന ഹാർവി വൈൻസ്റ്റീൻ കേസിൽ ആരോപണമുന്നയിച്ചവർക്ക് തിരിച്ചടി. ലൈംഗികാതിക്രമ കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ പ്രമുഖ ഹോളിവുഡ് നിർമാതാവും 72 കാരനുമായ ഹാർവി വൈൻസ്റ്റീന്‍റെ ശിക്ഷ ന്യൂയോർക്കിലെ അപ്പീൽ കോടതി തള്ളി. ന്യൂയോർക്ക് ജയിലിൽ 23 വർഷം തടവ് ശിക്ഷ അനുഭവിച്ചു വരികയായിരുന്നു വൈൻസ്റ്റീൻ. വിചാരണക്കിടയിൽ കേസുമായി നേരിട്ട് ബന്ധമില്ലാത്തവരുടെ മൊഴികൾ അനുവദിച്ചത് തെറ്റായിരുന്നുവെന്ന് അപ്പീൽ കോടതി. ഇതാണ് കേസിൽ നിർണായകമായത്. കേസ് വീണ്ടും വിചാരണ ചെയ്യണമെന്ന് അപ്പീൽ കോടതി ബെഞ്ച് വ്യക്തമാക്കി. വൈൻസ്റ്റീനെതിരെ ഉയർന്ന പരാതികളിലൂടെയാണു ലോകത്താകമാനം ‘#മീടൂ’ മൂവ്മെന്‍റ് കത്തിപ്പടർന്നത്.