വൈറ്റ്‌റോക്ക് പിയറില്‍ ഇന്ത്യന്‍ വംശജന് കുത്തേറ്റു; ചികിത്സ ബീസി ആരോഗ്യ മന്ത്രാലയം ഏറ്റെടുത്തു 

By: 600002 On: Apr 26, 2024, 11:13 AM

 


വൈറ്റ്‌റോക്ക് പിയറിനടുത്ത് ഇന്ത്യന്‍ വംശജന് കുത്തേറ്റു. ഞായറാഴ്ചയായിരുന്നു സംഭവം. ഭാര്യ മന്‍പ്രീത് കൗറിനൊപ്പം പുറത്ത് നടക്കാനിറങ്ങിയ ജതീന്ദര്‍ സിംഗാണ് അജ്ഞാതനില്‍ നിന്നും അപ്രതീക്ഷിതമായ ആക്രമണം നേരിട്ടത്. കഴുത്തിന് പിന്നില്‍ അക്രമി കുത്തുകയായിരുന്നു. സാരമായി പരുക്കേറ്റ  ജതീന്ദര്‍ സിംഗിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഈയിടെ കാനഡയിലെത്തിയ ജതീന്ദര്‍ സിംഗിനും ഭാര്യയ്ക്കും എംഎസ്പി കവറേജ് ഇല്ലാത്തതിനാല്‍ തുടര്‍ചികിത്സയ്ക്ക് വെല്ലുവിളി നേരിടുകയാണ്. ഇതറിഞ്ഞ ആരോഗ്യ മന്ത്രാലയം സിംഗിന്റെ ചികിത്സ ഏറ്റെടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്. 

ആക്രമണത്തില്‍ പരുക്കേറ്റ ജതീന്ദര്‍ സിംഗിന് ജോലിക്ക് പോകാന്‍ കഴിയാത്തതിനാല്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ദമ്പതികള്‍ പാടുപെടുകയാണ്. ദമ്പതികളുടെ കഷ്ടപ്പാടുകള്‍ അറിഞ്ഞ ആരോഗ്യമന്ത്രാലയം സിംഗിന്റെ കവറേജ് ഏപ്രില്‍ 1 മുതല്‍ ആരംഭിക്കുമെന്നും അതിനാല്‍ സിംഗിന് ചെലുകളില്ലാതെ ആവശ്യമായ പരിചരണം ആക്‌സസ് ചെയ്യാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. 

ജതീന്ദര്‍ സിംഗിന്റെ സംഭവം ചൂണ്ടിക്കാട്ടി പ്രവിശ്യയില്‍ എത്തുന്ന പുതിയ ആളുകളോട് പ്രവിശ്യയില്‍ എത്തിയാല്‍ ഉടന്‍ തന്നെ എംഎസ്പി കവറേജിന് അപേക്ഷിക്കണമെന്ന് ബീസി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ജതീന്ദര്‍ സിംഗിനെ കുത്തിയാളെക്കുറിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. ഇതിനിടെ വൈറ്റ്‌റോക്ക് വാട്ടര്‍ഫ്രണ്ടിന് സമീപം മറ്റൊരാള്‍ കുത്തേറ്റ് മരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.