എഡ്മന്റണിന് സമീപം റെസിഡന്‍ഷ്യല്‍ ഗ്യാരേജിനുള്ളില്‍ അനധികൃതമായി ഒരു അറവുശാല നടത്തിവരുന്നതായും അനധികൃത മാംസ വില്‍പ്പന നടക്കുന്നതായും റിപ്പോര്‍ട്ട്. സംഭവത്തില്‍ താമസക്കാര്‍ ആശങ്കയിലാണ്. 2023 ഫെബ്രുവരിയില്‍ റെസിഡന്‍ഷ്യല്‍ ഏരിയായ വുഡ്‌ക്രോഫ്റ്റ് കമ്മ്യൂണിറ്റിയിലാണ് അറവുശാല പ്രവര്‍ത്തനം തുടങ്ങിയത്. ആടുകളെ കശാപ്പ് ചെയ്ത് അവശിഷ്ടങ്ങളും മറ്റും അറവുശാലയില്‍ കൂട്ടിയിട്ടിരിക്കുന്നതും, താല്‍ക്കാലിക കശാപ്പ് മേശയില്‍ തോലുരിച്ച ആട്ടിന്‍കുട്ടിയുടെ അവശിഷ്ടങ്ങളുടെയും ദൃശ്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതും ആശങ്കയുളവാക്കുന്നതുമാണ്. പോലീസ് അറവുശാലയില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു.
പ്രോപ്പര്‍ട്ടിയില്‍ അനധികൃത അറവുശാല പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട താമസക്കാര്‍ പ്രോപ്പര്‍ട്ടി ഉടമയുമായി ബന്ധപ്പെട്ടതായി താമസക്കാരനായ ജോണ്‍ ബോസ് പറഞ്ഞു. ട്രക്കില്‍ നിന്നും ആടുകളെ ഗ്യാരേജിലേക്കെത്തിക്കുന്നതും മറ്റുള്ള കാര്യങ്ങളും കൈകാര്യം ചെയ്യുന്നതും അത്ര ശരിയല്ലെന്ന് തനിക്ക് തോന്നിയതായി ബോസ് പറഞ്ഞു. കശാപ്പ്ശാലയെക്കുറിച്ച് അധികൃതരെ വിവരമറിയിച്ചതായും എഡ്മന്റണ്‍ ആനിമല്‍ കണ്‍ട്രോള്‍ ഓഫീസര്‍മാര്‍ സ്ഥലത്തെത്തുകയും ഗ്യാരേജില്‍ നിന്നും നിരവധി ആടുകളെ രക്ഷപ്പെടുത്തിയതായും ബോസ് പറഞ്ഞു.
അതേസമയം, അക്കാലത്ത് എഡ്മന്റണ്‍ മുസ്ലിം കമ്മ്യൂണിറ്റിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഹലാല്‍ ആട്ടിറച്ചിയും ബീഫും കിലോയ്ക്ക് 6 ഡോളറിന് വാഗ്ദാനം ചെയ്ത് പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ നല്‍കിയിരുന്ന ഫോണ്‍ നമ്പറും അഡ്രസും വുഡ്‌ക്രോഫ്റ്റ് ഗ്യാരേജിന്റെതായിരുന്നു. പോലീസ് ഗ്യാരേജ് ഒഴിപ്പിച്ചതോടെ പോസ്റ്റും പിന്‍വലിച്ചിരുന്നു.
യൂസഫ് ഇസൈരി എന്നയാളാണ് താല്‍ക്കാലിക അറവുശാല നടത്താന്‍ ഇത് വാടകയ്‌ക്കെടുത്തതെന്ന് കണ്ടെത്തി. ഇയാള്‍ മറ്റ് കശാപ്പ്ശാലകളിലും ഗ്രോസറികളിലും ഉയര്‍ന്ന ഇറച്ചിവില കണക്കിലെടുത്ത് സുഹൃത്തുക്കള്‍ക്കായി മൃഗങ്ങളെ കശാപ്പ് ചെയ്ത് മാംസം നല്‍കുകയായിരുന്നുവെന്ന് മാധ്യമത്തിനോട് പ്രതികരിച്ചു. മാംസം വില്‍പ്പന നടത്തിയിട്ടില്ലെന്നും വെറും സേവനം മാത്രമാണെന്നും ഗ്യാരേജില്‍ 10 മുതല്‍ 12 വരെ ആടുകളെ കൊന്നതായും ഇസൈരി കൂട്ടിച്ചേര്‍ത്തു. ഫാമുകളില്‍ നിന്നാണ് സുഹൃത്തുക്കള്‍ ആടുകളെ വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് അറിയിച്ചു. ഇത്തരത്തില്‍ അനധികൃത കശാപ്പ് ശാലകള്‍ ആരോഗ്യസംരക്ഷണത്തിന് ദോഷം ചെയ്യുമെന്ന് എഎച്ച്എസ് മുന്നറിയിപ്പ് നല്‍കി.