ഐഫോൺ ഉപയോക്താക്കൾക്ക് സന്തോഷിക്കാം; വാട്ട്സാപ്പ് ഇനി കൂടുതൽ സുരക്ഷിതമാകും

By: 600007 On: Apr 26, 2024, 5:24 AM

 


ഐഫോൺ ഉപഭോക്താക്കൾക്ക് ഇതാ ഒരു സന്തോഷവാർത്ത. നിങ്ങൾക്കായി പാസ് കീ വെരിഫിക്കേഷൻ അവതരിപ്പിച്ചിരിക്കുകയാണ് വാട്ട്സാപ്പ്. ആറുമാസങ്ങൾക്ക് മുൻപ് ആൻഡ്രോയിഡ് പതിപ്പിൽ ഈ ഫീച്ചർ അവതരിപ്പിച്ചിരുന്നു. അക്കൗണ്ടുകളുടെ വെരിഫിക്കേഷൻ പ്രക്രിയ കൂടുതൽ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നിലവിൽ ഈ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.  പുതിയ ഫീച്ചർ എത്തുന്നതോടെ വാട്ട്സാപ്പ് ലോ​ഗിൻ ചെയ്യാനായി എസ്എംഎസ് വഴിയുള്ള വൺ ടൈം പാസ് കോഡിന്റെ ആവശ്യം ഇല്ലാതാവും. ഇതിന് പകരമായി ഫേഷ്യൽ റെക്കഗ്നിഷൻ, ബയോമെട്രിക്‌സ്, ആപ്പിൾ പാസ് കീ മാനേജറിൽ ശേഖരിച്ച പിൻ എന്നിവ ഉപയോഗിച്ചാൽ മതിയാകും അക്കൗണ്ട് വെരിഫൈ ചെയ്യാനായി.

ഇത് നിങ്ങളുടെ വാട്ട്സാപ്പ് അക്കൗണ്ട് കൂടുതൽ സുരക്ഷിതമാക്കാൻ സഹായിക്കും. ഈ ഫീച്ചർ ലഭിക്കാനായി ആദ്യം വാട്ട്സാപ്പ് അപ്ഡേറ്റ് ചെയ്യണം. അതിലെ സെറ്റിങ്‌സിൽ അക്കൗണ്ട് തിരഞ്ഞെടുത്താൽ പാസ് കീ ഓപ്ഷൻ കാണാം. എക്‌സ്, ഗൂഗിൾ, പേപാൽ, ടിക് ടോക്ക് പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഇതിനകം പാസ് കീ സുരക്ഷാ സംവിധാനം അവതരിപ്പിച്ചിട്ടുണ്ട്. വാട്ട്സാപ്പും ഈ കൂട്ടത്തിലേക്ക് വരുന്നതോടെ ഐഒഎസ് ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷിതമായി വാട്ട്സാപ്പ് ഉപയോഗിക്കാനാകുമെന്ന പ്രത്യേകതയുമുണ്ട്.