റെക്കോർഡിട്ട് ക്രെഡിറ്റ് കാർഡ് ഉപയോഗം; ചെലവാക്കിയത് ഒരു ലക്ഷം കോടി

By: 600007 On: Apr 25, 2024, 12:01 PM

 

 

ദില്ലി: ഓൺലൈൻ ക്രെഡിറ്റ് കാർഡ് ചെലവ് ആദ്യമായി ഒരു ലക്ഷം കോടി രൂപ കവിഞ്ഞു. 2024 മാർച്ചിൽ 1,04,081 കോടി രൂപയാണ് ഓൺലൈൻ ക്രെഡിറ്റ് കാർഡ് ചെലവുകൾ. 2023 മാർച്ചിൽ ഇത് 86,390 കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20 ശതമാനം കൂടുതലാണ് ഇത്. 

2024 ഫെബ്രുവരിയിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ചെലവ് 94,774 കോടി രൂപയാണ്. ഫെബ്രുവരിയിൽ നിന്നും മാർച്ചിലേക്ക് എത്തുമ്പോൾ ഓൺലൈൻ ക്രെഡിറ്റ് കാർഡ് ചെലവുകള്‍ 10 ശതമാനം ഉയർന്നു.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ക്രെഡിറ്റ് കാർഡ് ഓഫ്‌ലൈൻ ഇടപാടുകൾ മാർച്ച് മാസത്തിൽ 60,378 കോടി രൂപയാണ്. അതേസമയം, 2024 മാർച്ചിലെ മൊത്തം ക്രെഡിറ്റ് കാർഡ് ചെലവുകൾ 1,64,586 കോടി രൂപയാണ്. ഒരു വർഷം മുമ്പ് ഇത് 1,37,310 കോടി രൂപ ആയിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 20  ശതമാനം വർധനവാണ് ഉണ്ടായത്. അതേസമയം ഈ വർഷം ഫെബ്രുവരിയിലെ 1.49 ലക്ഷം കോടി രൂപയെക്കാൾ  11 ശതമാനം കൂടുതലുമാണ്.