ഉയര്‍ന്ന പലിശ നിരക്കും അഫോര്‍ഡബിളിറ്റി പ്രശ്‌നങ്ങളും മൂലം ടൊറന്റോ ഏരിയയില്‍ പുതിയ കോണ്ടോ വില്‍പ്പന ഏറ്റവും താഴ്ന്ന നിലയിലേക്കെത്തിയതായി റിപ്പോര്‍ട്ട്. 2009 ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് ഇപ്പോഴെന്ന് അര്‍ബനേഷന്‍ ഇന്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വര്‍ഷം ഇതുവരെ ഗ്രേറ്റര്‍ ടൊറന്റോയിലും ഹാമില്‍ട്ടണിലും 1,461 പ്രീ കണ്‍സ്ട്രക്ഷന്‍ കോണ്ടോ വില്‍പ്പന നടന്നതായാണ് റിപ്പോര്‍ട്ടിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2009 ല്‍ ആഗോള മാന്ദ്യത്തിനും ഭവന പ്രതിസന്ധിക്കും ഇടയില്‍ 884 വില്‍പ്പന മാത്രമാണ് നടന്നത്.
ആദ്യ പാദ കാലയളവിലെ ഏറ്റവും പുതിയ 10 വര്‍ഷത്തെ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം ഇതുവരെയുള്ള വില്‍പ്പന 71 ശതമാനം കുറഞ്ഞതായി അര്‍ബനേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷത്തെ ആദ്യ ത്രൈമാസത്തെ വില്‍പ്പന 9,723 കോണ്ടോ വില്‍പ്പനയോടെ 2022 ലെ ആദ്യ പാദത്തിലെ ഉയര്‍ന്ന നിരക്കില്‍ നിന്നും 85 ശതമാനം ഇടിവ് രേഖപ്പെടുത്തി.
അതേസമയം, ജിടിഎയുടെ ചില ഭാഗങ്ങളില്‍ നിര്‍മാണചെലവ് വര്‍ധിച്ചതിനാല്‍ വില്‍പ്പനയില്‍ ഇടിവുണ്ടായിട്ടും പുതിയ കെട്ടിടങ്ങളുടെ വില കുതിച്ചുയരുന്നതായി റിപ്പോര്‍ട്ടില്‍ കണ്ടെത്തി.