കമ്പനിയിലെ ജീവനക്കാരന് അസുഖം ബാധിക്കുമ്പോള്‍ ഡോക്ടറുടെ കുറിപ്പ് ആവശ്യമുള്ള തൊഴിലുടമകള്‍ക്കായി അറ്റസ്റ്റേഷന്‍-ബേസ്ഡ് സിസ്റ്റത്തിലേക്ക് മാറാന്‍ ഒന്റാരിയോ സര്‍ക്കാരിന്റെ പദ്ധതി. ഫാക്‌സ് മെഷീനുകള്‍, ഡിജിറ്റല്‍ റഫറല്‍, കണ്‍സള്‍ട്ടേഷന്‍ ഫോമുകള്‍ വിപുലീകരിക്കല്‍ തുടങ്ങിയ അഡ്മിനിസ്‌ട്രേറ്റീവ് ജോലികള്‍ ഫാമിലി ഫിസിഷ്യന്മാര്‍ ചെയ്യുന്നത് നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്ന് ആരോഗ്യമന്ത്രി സില്‍വിയ ജോണ്‍സ് പറഞ്ഞു. രോഗീ പരിചരണത്തില്‍ ഫാമിലി ഡോക്ടര്‍മാര്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതിന്റെ ആവശ്യകത മുന്നില്‍ക്കണ്ടാണ് ഫോര്‍ഡ് സര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനം പരിഗണിക്കുന്നത്.
സിക്ക് നോട്ടുകള്‍ക്ക് പകരം ജീവനക്കാര്‍ രോഗിയായിരിക്കുമ്പോള്‍ അവധി ആവശ്യപ്പെടുന്ന, ഉത്തരവാദിത്തം നിലനിര്‍ത്തുന്ന അറ്റസ്റ്റേഷന്‍ ബേസ്ഡ് സിക്ക് നോട്ടുകളായി മാറ്റി സ്ഥാപിക്കാന്‍ പ്രവിശ്യ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
നിലവില്‍, ഒന്റാരിയോ എംപ്ലോയ്‌മെന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട്, ഒരു ജീവനക്കാരന്‍ രോഗബാധിതനായി ഒരു ദിവസം അവധിയെടുക്കുമ്പോള്‍ ഒരു ഡോക്ടറില്‍ നിന്നോ നഴ്‌സ് പ്രാക്ടീഷണറില്‍ നിന്നോ സൈക്കേളജിസ്റ്റില്‍ നിന്നോ സിക്ക് നോട്ട് ആവശ്യപ്പെടാന്‍ തൊഴിലുടമകളെ അനുവദിക്കുന്നു.
ഒന്റാരിയോയിലെ തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിനുള്ള നിയമനിര്‍മാണം ലേബര്‍ മിനിസ്റ്റര്‍ ഉടന്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. തൊഴിലാളികള്‍ക്ക് നിലവില്‍ ലഭിക്കുന്ന മൂന്ന് ദിവസത്തെ പ്രവിശ്യാ നിര്‍ബന്ധിത സിക്ക് ലീവിന് തൊഴിലുടമകള്‍ സിക്ക് നോട്ട് ആവശ്യപ്പെടുന്നത് നിയമനിര്‍മാണത്തില്‍ തടയുമെന്നാണ് സൂചന.