ജല ഉപഭോഗ നിയന്ത്രണ നിയമങ്ങള്‍ ലംഘിച്ചാല്‍ ജല ലഭ്യത നിര്‍ത്തലാക്കുമെന്ന് മെറിറ്റ് മേയര്‍ 

By: 600002 On: Apr 25, 2024, 9:50 AM

 

 

കടുത്ത ജലക്ഷാമവും വരള്‍ച്ചയും ഉയര്‍ന്ന കാട്ടുതീ വ്യാപനവും ബ്രിട്ടീഷ് കൊളംബിയയില്‍ പലയിടങ്ങളിലും ജലഉപഭോഗ നിയന്ത്രണങ്ങള്‍ നേരത്തെ നടപ്പിലാക്കാന്‍ പ്രേരിപ്പിക്കുകയാണ്. ജലനിയന്ത്രണം പാലിക്കാത്തവര്‍ക്ക് ജലം ലഭ്യമാക്കുന്നത് നിര്‍ത്തിവെക്കാനും ചില പ്രദേശങ്ങള്‍ തയാറെടുത്തിട്ടുണ്ട്. വെള്ളം സംരക്ഷിക്കാനും ആളുകളെ കുറച്ച് വെള്ളം ഉപയോഗിക്കുന്നതിന് പ്രോത്സാഹിപ്പിക്കാനും മെറിറ്റ് സിറ്റി ജല നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂലൈ പകുതി വരെ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ ഉണ്ടാകും. ലെവല്‍ 3 വാട്ടറിംഗ് റെസ്ട്രിക്ഷന്‍ ആണ് പ്രാബല്യത്തിലുണ്ടാവുക. പുല്‍ത്തകിടി, പൂന്തോട്ടം എന്നിവ നനയ്ക്കുന്നത് ആഴ്ചയില്‍ രണ്ട് തവണയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. നമ്പേര്‍ഡ് അഡ്രസ് അനുസരിച്ച് നിയുക്ത ദിവസങ്ങളില്‍ ഹാന്‍ഡ് വാട്ടറിംഗ്, വാഷിംഗ് എന്നിവ അനുവദനീയമാണ്. 

ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ച് ഈ വര്‍ഷം ഏറ്റവും താഴ്ന്ന നിലയിലായിരുന്നു മഞ്ഞുവീഴ്ചയെന്നത് വരാനിരിക്കുന്ന മാസങ്ങളെക്കുറിച്ച് ആശങ്ക വര്‍ധിപ്പിക്കുന്നുവെന്ന് മേയര്‍ മൈക്കല്‍ ഗോറ്റ്‌സ് പറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ വാട്ടറിംഗ് റെസ്ട്രിക്ഷന്‍ പാലിക്കാത്തവര്‍ക്ക് സിറ്റി പിഴ ചുമത്തിയിരുന്നു. എന്നാല്‍ ഈ വര്‍ഷം നിയമ ലംഘനം നടത്തുന്ന വീട്ടുടനകള്‍ക്ക് വെള്ളം ലഭ്യമാക്കില്ലെന്ന തീരുമാനമെടുക്കാനാണ് സിറ്റി അധികൃതര്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നിയന്ത്രണങ്ങള്‍ ലംഘിച്ചതെങ്ങനെയെന്ന് വിശദീകരിക്കുന്ന കത്ത് ഉടമകള്‍ക്ക് നല്‍കുമെന്നും ജല ലഭ്യത നിര്‍ത്തുന്നതിന് മുമ്പ് വീണ്ടും ഇത് ചെയ്യരുതെന്ന് അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുമെന്നും ഗോറ്റ്‌സ് വ്യക്തമാക്കി.