കാനഡയില്‍ ഈയടുത്തകാലത്തായി വാഹന മോഷണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. എക്കാലത്തെയും മോശം അവസ്ഥയാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. രാജ്യത്തുടനീളം മോഷ്ടിക്കുന്ന വാഹനങ്ങള്‍ ഷിപ്പിംഗ് പോര്‍ട്ടുകള്‍ വഴി മറ്റ് വിദേശ രാജ്യങ്ങളിലേക്ക് കടത്തുകയാണ് മോഷണ സംഘം ചെയ്യുന്നത്. സംഘടിത ക്രൈം ഗ്രൂപ്പുകള്‍ മോഷ്ടിച്ച വാഹനങ്ങളില്‍ ഭൂരിഭാഗവും കയറ്റുമതി ചെയ്യുന്നു. നിരവധി റിപ്പോര്‍ട്ടുകള്‍ വന്നതോടെ തുറമുഖങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ പോലീസ് ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രവിശ്യകളിലെ വാഹന രജിസ്‌ട്രേഷന്‍ സിസ്റ്റത്തിന്റെ ദൗര്‍ബല്യം മുതലെടുത്ത് വാഹന മോഷണം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് പോലീസ് പറയുന്നു.
മോഷ്ടിച്ച കാറുകളില്‍ എന്തുചെയ്യുമെന്ന് അറിയാന്‍ കഴിയില്ല, കൂടാതെ കാറുകളുടെ ഷിഫ്റ്റിംഗ് ട്രെന്‍ഡുകള്‍ ട്രാക്ക് ചെയ്യാനും പ്രയാസമാണെന്ന് പോലീസ് പറയുന്നു. മോഷ്ടിച്ച വാഹനങ്ങളില്‍ മൂന്നിലൊന്നും കാനഡയില്‍ തന്നെ വീണ്ടും വില്‍ക്കുന്നതായാണ് പോലീസ് പുറത്തുവിടുന്ന കണക്കുകള്‍. ബാക്കിയുള്ളവ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നു. കാറുകള്‍ വാങ്ങിക്കുന്നവര്‍ക്ക് ഇത് മോഷ്ടിച്ച കാറുകളാണെന്ന് തിരിച്ചറിയാനും പ്രയാസമാണ്.
മോഷ്ടാക്കള്‍ വാഹനങ്ങളുടെ VIN പ്ലേറ്റ് മാറ്റിസ്ഥാപിക്കും. മിക്കവാറും ഈ നമ്പറിന് സമാനമായ മറ്റൊരു കാറിന്റെ നമ്പറായിരിക്കും മാറ്റിസ്ഥാപിക്കുക. മിക്കപ്പോഴും മറ്റ് പ്രവിശ്യകളിലോ അമേരിക്കയിലോ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന്റെ നമ്പറായിട്ടായിരിക്കും മാറ്റുക. മോഷ്ടാക്കള്‍ VIN ക്ലോണ്‍ ചെയ്താണ് കാറുകള്‍ മറിച്ചു വില്‍ക്കുന്നതെന്നതും അന്വേഷണ ഉദ്യോഗസ്ഥരെ കുഴപ്പിക്കും.
മോഷ്ടിച്ച വാഹനങ്ങള്‍ തിരിച്ചറിയാന്‍ പ്രയാസമാണെങ്കിലും VIN പ്ലേറ്റുകള്‍ നോക്കി ഇത് കണ്ടെത്താന്‍ സാധിക്കും. കാര്‍ വാങ്ങുന്നവരോട് ഡാഷ്‌ബോര്‍ഡിലെ VIN ലും മുന്‍പിലും പിന്നിലും ഡ്രൈവറുടെ സൈഡ് ഡോറുകള്‍ക്കിടയിലുള്ള പില്ലറുകളിലും നോക്കി നമ്പര്‍ ബബ്ലിംഗ് ചെയ്യുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ പോലീസ് പറയുന്നു. യഥാര്‍ത്ഥ VIN ന് മുകളില്‍ ഒരു സ്റ്റിക്കര്‍ പതിപ്പിച്ചിട്ടുണ്ടായിരിക്കും.
സംഘടിത ഗ്രൂപ്പുകളില്‍ നിന്നുള്ള കുറ്റവാളികളാണ് കാറുകള്‍ കൂടുതലായും മോഷ്ടിക്കുന്നത്. എന്നാല്‍ ലൈസന്‍സ് നല്‍കുന്ന, രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ ഡാറ്റാബേസ് കൈകാര്യം ചെയ്യുന്നതുള്‍പ്പെടെയുള്ള സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങളായ സര്‍വീസ് ഒന്റാരിയോ പോലുള്ളവയില്‍ ക്രൈം ഗ്രൂപ്പുകള്‍ കുറ്റകൃത്യത്തിനായി ആളുകളെ റിക്രൂട്ട് ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് ആരോപിച്ചു. ഇത് ഗൗരവതരമായി കാണേണ്ടതാണെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.