ഭാവിയിലെ നഗരം പണിത് വീണ്ടും ഞെട്ടിക്കാൻ ജപ്പാൻ‌

By: 600007 On: Apr 25, 2024, 6:20 AM

 

 

വരാനിരിക്കുന്ന കാലത്തെ ജീവിതം എങ്ങനെയായിരിക്കും എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഏതായാലും ഒരു കാര്യം ഉറപ്പാണ് സാങ്കേതിക വിദ്യകൾ നിറഞ്ഞതായിരിക്കും അത്. സയൻസ് ഫിക്ഷൻ നോവലുകളിലും സിനിമകളിലും ഒക്കെ ഭാവിയിലെ സമൂഹം എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ച് ഇതിനോടകം തന്നെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, അവയിൽ പലതിലും അല്പം അസ്വാഭാവികത തോന്നിയേക്കാം. 

പക്ഷേ, ഇനി ഭാവിയിലെ ഒരു നഗരം എങ്ങനെയായിരിക്കും എന്നറിയാൻ മറ്റൊന്നിനെയും ആശ്രയിക്കേണ്ട. ജപ്പാനിൽ തയ്യാറായി കൊണ്ടിരിക്കുന്ന ഒരു അത്യാധുനിക നഗരത്തിലൂടെ അത് നമുക്ക് നേരിട്ട് അനുഭവിച്ചറിയാൻ സാധിക്കും. സാങ്കേതികവിദ്യകൊണ്ട് എന്നും ലോകത്തെ അത്ഭുതപ്പെടുത്തിയിട്ടുള്ള ജപ്പാൻ ഇപ്പോൾ ഒരു 'ഫ്യൂച്ചറസ്റ്റിക്' നഗരത്തെ തന്നെ സൃഷ്ടിച്ചുകൊണ്ടാണ് വീണ്ടും നമ്മെ അത്ഭുതപ്പെടുത്താൻ ഒരുങ്ങുന്നത്. ജപ്പാനിലെ ഫുജി പർവതത്തിന് സമീപത്തായി തയ്യാറായിക്കൊണ്ടിരിക്കുന്ന ഈ ഫ്യൂച്ചറിസ്റ്റിക് സിറ്റിയുടെ വികസനത്തിന് 82,000 കോടി രൂപയാണ് മാറ്റി വെച്ചിട്ടുള്ളത്.

'ഭാവി ലോകത്തെ പ്രതിഫലിപ്പിക്കുന്ന ഒരു നഗരം' എന്ന ആശയത്തിലാണ് ഈ നഗരം  നിർമ്മിക്കുന്നത്. 'ഹോൺഷു ദ്വീപിലെ  ഫുജി പർവതത്തിന് സമീപത്തായി നിർമ്മിക്കുന്ന ഈ നഗരത്തിന്റെ നിർമ്മാണ പ്രവർത്തികൾ ഏതാണ്ട് പൂർത്തിയായി കഴിഞ്ഞു. 'നെയ്തെടുത്ത നഗരം' എന്ന അർത്ഥത്തിൽ വോവൻ സിറ്റി ( Woven City) എന്നാണ് ഈ നഗരത്തിന് പേര് നൽകിയിരിക്കുന്നത്. ഓട്ടോമൊബൈൽ ഭീമനായ ടൊയോട്ടയാണ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ഡ്രൈവർമാർ ആവശ്യമില്ലാത്ത 'ഇ-പാലറ്റുകൾ' എന്ന സ്വയം ചലിക്കുന്ന വാഹനങ്ങളുടെ ശേഖരമാണ് വോവൻ സിറ്റിയുടെ പ്രധാന സവിശേഷത. നഗരത്തിലെ ആദ്യത്തെ 360 പൗരന്മാർ ഈ വർഷം അവസാനത്തോടെ ഇവിടേക്ക് താമസം മാറും. ഇതിൽ ഉൾപ്പെടുന്നത് പ്രധാനമായും ടൊയോട്ട ജീവനക്കാർ തന്നെയാണ്. പടിപടിയായി 2000 വ്യക്തികളെ ഉൾക്കൊള്ളാൻ സാധിക്കും വിധം നഗരത്തെ വിപുലീകരിക്കുകയാണ് ലക്ഷ്യം. 

പ്രത്യേകം രൂപകൽപ്പന ചെയ്ത റോബോട്ടിക് സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് നഗരത്തിന്റെ നിർമ്മാണം നടത്തുന്നത്. പരമ്പരാഗത ജാപ്പനീസ് വാസ്തുവിദ്യയും ആധുനിക സൗകര്യങ്ങളും സംയോജിപ്പിച്ചുകൊണ്ടുള്ളതാണ് നഗരത്തിന്റെ രൂപകല്പന. എല്ലാ വീടുകളും മരം കൊണ്ട് നിർമ്മിച്ചതാണ്. കൂടാതെ ദൈനംദിന ജോലികൾക്ക് സഹായിക്കുന്ന ഇൻ-ഹോം റോബോട്ടിക്‌സ് സൗകര്യവും ഉണ്ടായിരിക്കും. മൂന്ന് തരം റോഡുകൾ ഉണ്ടാകും, ഒന്നിൽ കാൽനടയാത്രക്കാർ മാത്രം സഞ്ചരിക്കും. രണ്ടാമത്തെ റോഡ് അതിവേഗ ഗതാഗതത്തിനും മൂന്നാമത്തേത് വേഗത കുറഞ്ഞ ഗതാഗതത്തിനുമായിരിക്കും.