ബ്രസീലിന് ആശ്വാസ വാര്‍ത്ത! കോപ്പ അമേരിക്ക കളിക്കാന്‍ നെയ്മറുണ്ടാവും

By: 600007 On: Apr 25, 2024, 6:16 AM

 

ബ്രസീലിയ: കോപ്പ അമേരിക്കയ്‌ക്കൊരുങ്ങുന്ന ബ്രസീലിന് ആശ്വാസവാര്‍ത്ത. പരിക്കില്‍ നിന്ന് മുക്തനാവുന്ന നെയ്മര്‍ ജൂനിയര്‍ കോപ്പയില്‍ കളിച്ചേക്കും. ഒക്ടോബറില്‍ ഉറുഗ്വേയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ ഗുരുതര പരിക്കേറ്റ നെയ്മര്‍ ജൂനിയറിന് കോപ്പ അമേരിക്ക നഷ്ടമാവുമെന്നായിരുന്നു ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. ശസ്ത്രക്രിയയ്ക്ക് വിധേയനായ നെയ്മര്‍ തിരിച്ചെത്താന്‍ ഓഗസ്റ്റ് വരെ കാത്തിരിക്കേണ്ടിവരുമെന്ന് ബ്രസീല്‍ ടീം ഡോക്ടര്‍ റോഡ്രിഗോ ലാസ്മറും വ്യക്തമാക്കിയിരുന്നു. 

എന്നാല്‍ കളിക്കളത്തിലേക്ക് തിരിച്ചെത്താന്‍ കഠിനപരിശീലനം നടത്തുന്ന നെയ്മറിന്റെ പരിക്ക് അതിവേഗം സുഖം പ്രാപിക്കുകയാണ്. നെയ്മറിന്റെ ഫിസിയോ സമെര്‍ അല്‍ ഷഹ്‌റാനിയാണ് ഇക്കാര്യം സൂചിപ്പിച്ചത്. നെയ്മാറിന്റെ കാലിലെ മസിലുകള്‍ ശക്തിപ്പെടുത്തുന്ന ചികിത്സയാണിപ്പോള്‍ നടക്കുന്നതെന്നും താരത്തിന് കോപ്പയില്‍ കളിക്കാന്‍ കഴിഞ്ഞേക്കുമെന്നും സമെര്‍ അല്‍ ഷഹ്‌റാനി വെളിപ്പെടുത്തി. സൌദി ക്ലബ് അല്‍ ഹിലാലിന്റെ താരമായ നെയ്മര്‍ ഇതിനോടകം പന്തുമായി ഒറ്റയ്ക്ക് പരിശീലനം തുടങ്ങിയിട്ടുണ്ട്.