ഏറ്റവും സന്തോഷമുള്ള പ്രവിശ്യ: പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ക്യുബെക്ക്, ആദ്യ അഞ്ചില്‍ ഇടം നേടി ആല്‍ബെര്‍ട്ട 

By: 600002 On: Apr 24, 2024, 12:49 PM

 


കാനഡയിലെ ഏറ്റവും സന്തോഷകരമായ പ്രവിശ്യകളുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് ക്യുബെക്ക്. ആദ്യ അഞ്ചില്‍ പ്രകൃതി സൗന്ദര്യത്തിനും വൈബ്രന്റ് സിറ്റികള്‍ക്കും പേരുകേട്ട ആല്‍ബെര്‍ട്ടയും ഇടംനേടി. മാനസികാരോഗ്യം, വായുവിന്റെ ഗുണനിലവാരം തുടങ്ങിയ വെല്ലുവിളികള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും തങ്ങളുടെ ശുഭാപ്തിവിശ്വാസം നിലനിര്‍ത്താന്‍ പ്രവിശ്യയിലെ ജനങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നതിനാല്‍ ആല്‍ബെര്‍ട്ട നാലാം സ്ഥാനം നേടി. ലക്കി ഡേയ്‌സ് അടുത്തിടെ നടത്തിയ പഠനത്തിലാണ് സന്തോഷമുള്ള പ്രവിശ്യകളെ കണ്ടെത്തിയത്. പ്രധാന ജീവിത നിലവാര സൂചകങ്ങള്‍ വിശകലനം ചെയ്താണ് റാങ്കിംഗ് തയാറാക്കിയത്. 

ആല്‍ബെര്‍ട്ടയുടെ ഓവര്‍ഓള്‍ ഹാപ്പിനെസ്സ് സ്‌കോര്‍ 4.73 ആണ്. എന്നാല്‍ ഒന്നാം സ്ഥാനം നേടിയ ക്യുബെക്കിന്റെ സ്‌കോര്‍ 8.63 ആണ്. ഉയര്‍ന്ന പണപ്പെരുപ്പം, മത്സരാധിഷ്ഠിത ഭവന വിപണി തുടങ്ങിയ സാമ്പത്തിക വെല്ലുവിളികള്‍ക്കിടയിലും വര്‍ഷം തോറും ആല്‍ബെര്‍ട്ടയില്‍ സന്തോഷം വര്‍ധിക്കുന്നുണ്ടെന്ന് കാല്‍ഗറി ഹെല്‍ത്ത് ഫൗണ്ടേഷന്റെ ക്വാളിറ്റി ഓഫ് ലൈഫ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ആളുകള്‍ കുടുംബത്തെയും സുഹൃത്തുക്കളെയും വിലമതിക്കുന്നുവെന്നും നഗരത്തില്‍ ജീവിതച്ചെലവ് വര്‍ധിക്കുന്നതിനനുസരിച്ച് സാമ്പത്തികത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് കാല്‍ഗറി ഫൗണ്ടേഷന്‍ പറയുന്നു. 

ബീസി, ഒന്റാരിയോ എന്നീ പ്രവിശ്യകളാണ് ആല്‍ബെര്‍ട്ടയ്ക്ക് മുന്നിലുള്ളവ. 3.27 സ്‌കോറോടെ സസ്‌ക്കാച്ചെവനാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍.