സറേയില്‍ ആര്‍സിഎംപിയെ മാറ്റി അധികാരപരിധിയിലെ പോലീസ് സേനയായി സറേ പോലീസ് സര്‍വീസ് നവംബര്‍ 29 ന് ചുമതലയേല്‍ക്കുമെന്ന് പബ്ലിക് സേഫ്റ്റി മിനിസ്റ്റര്‍ മൈക്ക് ഫാണ്‍വര്‍ത്ത് പ്രഖ്യാപിച്ചു. ഈ മാറ്റത്തില്‍ പ്രധാന നാഴികക്കല്ലാണിതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നവംബറില്‍ ട്രാന്‍സിഷന്‍ പൂര്‍ത്തിയാകില്ല. ആര്‍സിഎംപിയില്‍ നിന്നുള്ള മാറ്റം അന്തിമമാക്കുന്നതിന് കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഫാണ്‍വര്‍ത്ത് പറഞ്ഞു.
മാറ്റം ഉണ്ടാവുമെങ്കിലും എസ്പിഎസും ആര്‍സിഎംപിയും സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ എസ്പിഎസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതോടെ പോലീസ് സേനയെ പുനര്‍വിന്യസിക്കും.
അതേസമയം, മേയര്‍ ബ്രെന്‍ഡ ലോക്ക് ആര്‍സിഎംപിയെ നിലനിര്‍ത്തുന്നതിനെ അനുകൂലിച്ച് സംസാരിച്ചു. ട്രാന്‍സിഷന്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രവിശ്യയുടെ നീക്കങ്ങളെക്കുറിച്ച് ജുഡീഷ്യല്‍ അവലോകനം ആവശ്യപ്പെട്ട് സിറ്റി ഓഫ് സറേ കോടതിയില്‍ നിയമപോരാട്ടവും നടത്തിയിരുന്നു.