മൂലധന നേട്ടത്തിന്മേലുള്ള നികുതി വര്‍ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതി 'ടാക്‌സ് ഫെയര്‍നെസ്' കൈവരിക്കുന്നതിന് സമ്പന്നരായ കനേഡിയന്‍ പൗരന്മാരെ ലക്ഷ്യം വെച്ചുള്ളതാണെന്ന് ഫെഡറല്‍ സര്‍ക്കാര്‍. ഒരു വര്‍ഷത്തിനുള്ളില്‍ 250,000 ഡോളറില്‍ കൂടുതല്‍ മൂലധന നേട്ടമുള്ള വ്യക്തികള്‍ക്ക് ക്യാപിറ്റല്‍ ഗെയിന്‍സ് ഇന്‍ക്ലൂഷന്‍ റേറ്റ്( നികുതി ചുമത്തപ്പെടുന്ന മൂലധന നേട്ടത്തിന്റെ വിഹിതം) 50 ശതമാനത്തില്‍ നിന്നും 66 ശതമാനമായി വര്‍ധിപ്പിച്ചുകൊണ്ട് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാരിന്റെ പുതിയ റെവന്യൂ സ്ട്രീം 19.3 ബില്യണ്‍ ഡോളര്‍ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യക്തികള്‍ അവരുടെ വസ്തുവകകള്‍, ആസ്തികള്‍, ബോണ്ടുകള്‍, അല്ലെങ്കില്‍ ഓഹരികള്‍ എന്നിവ വില്‍ക്കുമ്പോള്‍ നല്‍കുന്ന നികുതിയാണ് ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ആളുകള്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രോപ്പര്‍ട്ടി വാങ്ങുകയും പിന്നീട് ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുകയും ചെയ്യുമ്പോള്‍ ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് ഉണ്ടാകുന്നു.
ഈ ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സിന്റെ നിരക്ക് വര്‍ധിപ്പിക്കുന്നത് യുവാക്കളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നത്. സ്റ്റാര്‍ട്ടപ്പുകളെയും ഇത് ബാധിക്കാന്‍ പോകുന്നതെന്നും കാനഡയില്‍ ഈ കമ്പനികള്‍ക്ക് ധാരാളം ഫണ്ടിംഗ് ലഭ്യമല്ലെന്ന് വിദഗ്ധര്‍ പറയുന്നു. ഫണ്ടിംഗിന്റെ അഭാവം പ്രാദേശിക ബിസിനസുകള്‍ക്ക് അവരുടെ ജീവനക്കാര്‍ക്ക് നല്ല ശമ്പളം നല്‍കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഉയര്‍ന്ന ശമ്പളം നല്‍കുന്നതിന് പകരം ജീവനക്കാര്‍ക്ക് സ്റ്റോക്ക്‌സ് നല്‍കുമെന്ന് വാഗ്ദാനം ചെയ്യുന്നു. സ്‌റ്റോക്കിന്റെ മൂല്യം വര്‍ധിക്കുന്ന സമയത്ത് ജീവനക്കാര്‍ വില്‍ക്കുമ്പോള്‍ ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് അടയ്‌ക്കേണ്ടി വരുന്നു.
കനേഡിയന്‍ ഐടി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്റ്റോക്കുകള്‍ വളരെ പ്രധാനമാണ്. സാധാരണയായി ഡെവലപ്പര്‍മാര്‍ അവരുടെ കോംപന്‍സേഷന്‍ പാക്കേജിനായി സ്റ്റോക്ക് ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നുവെന്നും അമേരിക്കന്‍ കമ്പനികളുമായി മത്സരിക്കുമ്പോള്‍ ഇത് കമ്പനികള്‍ക്ക് ദോഷം ചെയ്യുന്നുവെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.