ടൊറന്റോ പോലീസ് ഉദ്യോഗസ്ഥന്‍ ജെഫ്രി നോര്‍ത്ത്‌റപ്പിന്റെ കൊലപാതകത്തില്‍ കുറ്റവിമുക്തനായ ഉമര്‍ സമീറിന്റെ വിചാരണ വേളയില്‍ ഒന്റാരിയോ സുപ്പീരിയര്‍ കോടതി ജസ്റ്റിസ് ആനി മൊല്ലോയ് നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ വിമര്‍ശനത്തിന് വിധേയമായി. പോലീസിന്റെ ഒത്തുകളിയാണെന്ന് സൂചിപ്പിക്കുന്ന അഭിപ്രായപ്രകടനങ്ങളാണ് നടത്തിയത്. ഇതിന്റെ ഫലമായി ഒരു സ്വതന്ത്ര അവലോകനം നടത്താന്‍ ടൊറന്റോ പോലീസ് ചീഫ് മൈറോണ്‍ ഡെംകിവ് ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പോലീസിനോട്(ഒപിപി) ആവശ്യപ്പെട്ടു.
ജുഡീഷ്യറി ഉന്നയിക്കുന്ന ആശങ്കകളെക്കുറിച്ച് ടൊറന്റോ പോലീസ് സര്‍വീസ് ബോധവാന്മാരാകുമ്പോഴെല്ലാം ഓഫീസര്‍ ടെസ്റ്റിമണി, കണ്ടക്ട്, പ്രൊസീജ്യര്‍, പ്രാക്ടീസ്, ട്രെയ്‌നിംഗ് എന്നിവയുമായി ബന്ധപ്പെട്ട് ഒരു അവലോകനം നടത്തണമെന്ന് ഭരണസമിതി ആവശ്യപ്പെടുന്നുവെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
മൂന്ന് ദിവസത്തെ വിചാരണയ്ക്ക് ശേഷം ഫസ്റ്റ് ഡിഗ്രി കൊലപാതകത്തില്‍ സമീര്‍ കുറ്റക്കാരനല്ലെന്ന് ജൂറി വിധിച്ചു. യൂണിഫോമില്‍ അല്ലാതെ ജോലി ചെയ്തിരുന്ന നോര്‍ത്ത്‌റപ്പ് ജോലിക്കിടെ വാഹനമിടിച്ച് മരിക്കുകയായിരുന്നു. കാര്‍ റിവേഴ്‌സ് ചെയ്യുമ്പോള്‍ നോര്‍ത്ത്‌റപ്പിനെ സൈഡ് സൈ്വപ്പ് ചെയ്ത് ഇടിച്ചതായാണ് രണ്ട് ക്രാഷ് റീകണ്‍സ്ട്രക്ഷന്‍ എക്‌സ്‌പേര്‍ട്ട്‌സിന്റെ നിഗമനമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. സംഭവത്തിന് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മൂന്ന് ദൃക്‌സാക്ഷികളുണ്ടായിരുന്നു.
ഈ മൂന്ന് ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ചോ എന്ന് പരിഗണിക്കേണ്ടതുണ്ടെന്ന് മൊല്ലോയ് ജൂറിമാരോട് പറഞ്ഞിരുന്നു. ഇതാണ് വിവാദത്തിന് വഴിവെച്ചിരിക്കുന്നത്. സംഭവം പോലീസിനൊരു പാഠമായിരിക്കണമെന്ന് വിചാരണയ്ക്ക് ശേഷം സമീറിന്റെ പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞിരുന്നു.