പച്ചക്കറികളിലും പ്ലാസ്റ്റിക്; ഭക്ഷണ സാധനങ്ങളില്‍ മൈക്രോപ്ലാസ്റ്റികിന്റെ സാന്നിധ്യം; മുന്നറിയിപ്പുമായി പഠനങ്ങള്‍ 

By: 600002 On: Apr 23, 2024, 12:16 PM

 


നാം കഴിക്കുന്ന ഭക്ഷണ സാധനങ്ങളില്‍ പ്ലാസ്റ്റികിന്റെ സാന്നിധ്യം കണ്ടെത്തിയതായി പുതിയ പഠനം. 2021 ലെ പഠനമനുസരിച്ച് സസ്യാഹാരികള്‍ക്ക് പോലും രക്ഷപ്പെടാന്‍ കഴിയില്ല. പച്ചക്കറികളുടെയും മൃഗങ്ങളുടെയും പ്രോട്ടീന്‍ സാമ്പിളുകളില്‍ തൊണ്ണൂറു ശതമാനവും മൈക്രോപ്ലാസ്റ്റികിന്റെ അംശമുണ്ടെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു മൈക്രോമീറ്ററില്‍ കുറവുള്ളത് നാനോപ്ലാസ്റ്റിക് ആണ്. പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും വേരുകളിലൂടെ മൈക്രോപ്ലാസ്റ്റിക് ആഗിരണം ചെയ്യാനും രാസവസ്തുക്കളെ ചെടിയുടെ തണ്ടുകള്‍, ഇലകള്‍, വിത്തുകള്‍, പഴങ്ങള്‍ എന്നിവയിലേക്ക് മാറ്റാനും കഴിയുമെന്നും പഠനത്തില്‍ കണ്ടെത്തി. 

2023 ലെ പഠനത്തില്‍ ഭൂമിയില്‍ നിന്നും ഖനനം ചെയ്യുന്ന പരുക്കന്‍ ഹിമാലയന്‍ പിങ്ക് ഉപ്പിലാണ് ഏറ്റവും കൂടുതല്‍ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യമുള്ളത്. ബ്ലാക്ക് സാള്‍ട്ട്, കടല്‍ ഉപ്പ് എന്നിവയിലും പ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. 

ടീ ബാഗുകളില്‍ പലതും പ്ലാസ്റ്റിക് കൊണ്ട് നിര്‍മിച്ചതാണ്. ഇവയ്ക്ക് വലിയ അളവില്‍ പ്ലാസ്റ്റിക് പുറത്തുവിടാന്‍ സാധിക്കുമെന്നാണ് പഠനത്തില്‍ വ്യക്തമാക്കുന്നത്. അരിയിലും നാനോപ്ലാസ്റ്റിക് ഉണ്ട്. ഓരോ 100 ഗ്രാം അരിയിലും മൂന്ന് മുതല്‍ നാല് മില്ലിഗ്രാം വരെ പ്ലാസ്റ്റികിന്റെ സാന്നിധ്യം ക്വീന്‍സ്‌ലാന്‍ഡ് സര്‍വകലാശാലയിലെ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അരി വൃത്തിയായി കഴുകി ഉപയോഗിക്കുമ്പോള്‍ 40 ശതമാനം വരെ പ്ലാസ്റ്റിക് സാന്നിധ്യം കുറയ്ക്കാം. കുപ്പിവെള്ളത്തിലും പ്ലാസ്റ്റിക് അംശം മുമ്പുള്ള പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. 

മൈക്രോപ്ലാസ്റ്റിക് മനുഷ്യന്റെ ശരീരത്തിന് ദോഷം ചെയ്യുമെന്ന് ഗൗരവതരമായ പഠനങ്ങള്‍ അടുത്തിടെ നടന്നിട്ടുണ്ട്. ശ്വാസകോശത്തിലും, പ്ലാസന്റല്‍ ടിഷ്യൂകളിലും, മുലപ്പാലിലും, രക്തത്തിലും മൈക്രോപ്ലാസ്റ്റികിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെങ്കിലും ഈ പോളിമറുകള്‍ ശരീരത്തിന്റെ അവയവങ്ങളെയും പ്രവര്‍ത്തനങ്ങളെയും എങ്ങനെ ബാധിക്കുന്നുവെന്നതിനെക്കുറിച്ച് അടുത്തിടെ ഗവേഷണങ്ങള്‍ നടന്നിരുന്നു. ഈ വര്‍ഷം നടന്ന ഒരു പഠനത്തില്‍ ധമനികള്‍ നാനോപ്ലാസ്റ്റികിന്റെ അളവ് വര്‍ധിച്ചാല്‍ ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു. 

മറ്റ് ആരോഗ്യപ്രശ്‌നങ്ങളും മൈക്രോപ്ലാസ്റ്റിക് മൂലമുണ്ടാകുന്നുണ്ട്. ശരീരത്തിലെ ആന്തരികപ്രവര്‍ത്തനങ്ങളെ മൊത്തത്തില്‍ ബാധിക്കാന്‍ മൈക്രോപ്ലാസ്റ്റികിന് കഴിയും. പ്രവര്‍ത്തനങ്ങള്‍ നിലച്ച് മരണത്തിലേക്ക് തള്ളിവിടാനും പ്ലാസ്റ്റിക് കാരണമാകും. അതിനാല്‍ പ്ലാസ്റ്റിക് എന്ന വില്ലനെ പരമാവധി അകറ്റി നിര്‍ത്താന്‍ നാം ഓരോരുത്തരും ശ്രമിക്കേണ്ടതുണ്ടെന്ന് പഠനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.