കാനഡയില്‍ സാമ്പത്തിക അസമത്വം രൂക്ഷമാകുന്നു: ടിഡി ബാങ്ക് റിപ്പോര്‍ട്ട് 

By: 600002 On: Apr 23, 2024, 10:43 AM

 

 

താഴ്ന്ന വരുമാനക്കാരായ കനേഡിയന്‍ പൗരന്മാരെ അപേക്ഷിച്ച് ഏറ്റവും സമ്പന്നരായ കുടുംബങ്ങളുടെ വളര്‍ച്ച വേഗത്തിലായതിനാല്‍ കാനഡയില്‍ സാമ്പത്തിക അസമത്വം രൂക്ഷമാകുകയാണെന്ന്ടിഡി ബാങ്ക് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഏറ്റവും ഉയര്‍ന്ന വരുമാനക്കാരും ഏറ്റവും താഴ്ന്ന വരുമാനക്കാരും തമ്മിലുള്ള അന്തരം 2015 ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഉയര്‍ന്ന പലിശ നിരക്ക് ഇടത്തരം, താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളെ പണം സൂക്ഷിച്ച് ചെലവഴിക്കാന്‍ പ്രേരിപ്പിക്കുന്നു. ഉയര്‍ന്ന വരുമാനക്കാരുടെ ഉപഭോക്തൃ ചെലവ് വിശാലമായ സമ്പദ്‌വ്യവസ്ഥയെ നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. 

2022 ലെ 6.5 ശതമാനം ഇടിവില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ദേശീയ ഗാര്‍ഹിക ആസ്തി 4.5 ശതമാനമായി ഉയര്‍ന്നപ്പോള്‍ വരുമാന നിലവാരത്തില്‍ തുല്യമായി വിതരണം ചെയ്യപ്പെട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉയര്‍ന്ന വരുമാനമുള്ള കുടുംബങ്ങള്‍ അവരുടെ സാമ്പത്തിക ആസ്തികള്‍ വലിയ തോതില്‍ കൈവശം വെച്ചതിനാല്‍ കൂടുതല്‍ നേട്ടമുണ്ടാക്കി. ഇവ കഴിഞ്ഞ വര്‍ഷത്തെ പ്രധാന വെല്‍ത്ത് ഡ്രൈവറായിരുന്നുവെന്ന് ടിഡി ബാങ്കിലെ സാമ്പത്തിക വിദഗ്ധ മരിയ സോളോവീവ റിപ്പോര്‍ട്ടില്‍ പറയുന്നു. 

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2023 ല്‍ ഉയര്‍ന്ന വിഭാഗത്തിലെ ഗാര്‍ഹിക വരുമാനം ആറ് ശതമാനം വര്‍ധിച്ച് ശരാശരി 197,909 ഡോളറായിരുന്നു. താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍ക്ക് 0.3 ശതമാനം വര്‍ധന രേഖപ്പെടുത്തി. ഇതോടെ ശരാശരി വാര്‍ഷിക വരുമാനം 31,518 ഡോളറായി. അതേസമയം, ഇടത്തരം കുടുംബങ്ങള്‍ക്ക് ശരാശരി വര്‍ഷിക വരുമാനം 0.3 ശതമാനം ഇടിഞ്ഞ് 59,178 ഡോളറിലെത്തി. 

റിയല്‍ എസ്‌റ്റേറ്റ് ആസ്തികളിലെ ഇടിവ്, മോര്‍ഗേജ് കടങ്ങള്‍ വര്‍ധിച്ചതിനാല്‍ ഇടത്തരം, താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളെ ബാധിച്ചു. ഉയര്‍ന്ന പലിശനിരക്കുകള്‍ക്കിടയില്‍ മോര്‍ഗേജ് പുതുക്കലും ഡെറ്റ് സര്‍വീസിംഗ് ഫീസും വര്‍ധിച്ചതിനാല്‍ ഇടത്തരം വരുമാനമുള്ള കുടുംബങ്ങള്‍ പാന്‍ഡെമിക് കാലത്തിന് മുമ്പുള്ളതിനേക്കാള്‍ കൂടുതല്‍ കടക്കെണിയിലായെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.