സ്വകാര്യ ക്ലിനിക്കുകളെ ഒഎച്ച്‌ഐപി കവറേജുള്ള കൂടുതല്‍ ശസ്ത്രക്രിയകള്‍ നടത്താന്‍ അനുവദിക്കുന്ന ഹെല്‍ത്ത് കെയര്‍ ബില്‍ ഒന്റാരിയോ സര്‍ക്കാര്‍ പാസാക്കി. യുവര്‍ ഹെല്‍ത്ത് ആക്ട് എന്നറിയപ്പെടുന്ന ബില്‍ 60 ഡഗ് ഫോര്‍ഡ് സര്‍ക്കാര്‍ തിങ്കളാഴ്ച ക്വീന്‍സ് പാര്‍ക്കില്‍ പാസാക്കി. റോയല്‍ അസെന്റ് ലഭിച്ചാല്‍ നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും. ഫെബ്രുവരിയില്‍ ഹെല്‍ത്ത് മിനിസ്റ്റര്‍ സില്‍വിയ ജോണ്‍സാണ് നിയമനിര്‍മാണം ആദ്യമായി അവതരിപ്പിച്ചത്. ശസ്ത്രക്രിയകള്‍ക്കുള്ള ബാക്ക്‌ലോഗ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്വകാര്യ ക്ലിനിക്കുകള്‍ക്ക് ശസ്ത്രക്രിയ നടത്താനുള്ള അനുവാദം നല്‍കാന്‍ തീരുമാനിച്ചത്.
പുതിയ നിയമപ്രകാരം, ഒന്റാരിയോ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്ലാനിന് കീഴില്‍ ഫോര്‍-പ്രോഫിറ്റ്, നോട്ട്-ഫോര്‍-പ്രോഫിറ്റ് ക്ലിനിക്കുകള്‍ക്ക് തിമിര ശസ്ത്രക്രിയകള്‍, എംആര്‍ഐ, സിടി സ്‌കാനുകള്‍, മിനിമലി ഇന്‍വേസീവ് ഗൈനക്കോളജിക്കല്‍ സര്‍ജറികള്‍, കാല്‍മുട്ട്, ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ എന്നിവ നടത്താന്‍ അനുവദിക്കും.
അതേസമയം, നിയമത്തിനെതിരെ ചില അഡ്വക്കസി ഗ്രൂപ്പുകള്‍ രംഗത്ത് വന്നു. നിയമനിര്‍മാണത്തിന്റെ മേല്‍നോട്ടം, ജീവനക്കാരുടെ നിയമനം തുടങ്ങിയവയ്ക്ക് വിമര്‍ശനം ഉയര്‍ന്നു. പദ്ധതി രണ്ട് തലങ്ങളുള്ള സംവിധാനത്തിന് കാരണമാകുമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. അതേസമയം, യുവര്‍ ഹെല്‍ത്ത് ആക്ട് കമ്മിറ്റിയില്‍ 74 ഭേദഗതികള്‍ അവതരിപ്പിച്ചെങ്കിലും അവയൊന്നും ഡഗ് ഫോര്‍ഡ് സര്‍ക്കാര്‍ അംഗീകരിക്കുകയോ പരിഗണിക്കുകയോ ചെയ്തില്ലെന്ന് എന്‍ഡിപി ആരോപിക്കുന്നു.