ടൊറന്റോ ഏരിയയില്‍ വ്യാജ മൊബൈല്‍ഫോണ്‍ വിറ്റ രണ്ട് പേര്‍ക്കെതിരെ കേസെടുത്തു 

By: 600002 On: Apr 23, 2024, 8:30 AM

 


ടൊറന്റോ ഏരിയയില്‍ ഫെയ്‌സ്ബുക്ക് മാര്‍ക്കറ്റ് പ്ലെയ്‌സിലൂടെ വ്യാജ മൊബൈല്‍ഫോണ്‍ വിറ്റ കേസില്‍ രണ്ട് പേര്‍ക്കെതിരെ കുറ്റം ചുമത്തി. മൂന്ന് വര്‍ഷമായി പ്രതികള്‍ ഫെയ്‌സ്ബുക്ക് മാര്‍ക്കറ്റ് പ്ലെയ്‌സ് വഴി വ്യാജ സെല്‍ഫോണുകള്‍ വിറ്റഴിച്ചിട്ടുണ്ടെന്ന് ടൊറന്റോ പോലീസ് സര്‍വീസ്. ബ്രാംപ്ടണ്‍ സ്വദേശിയായ ജോവന്‍ മാര്‍ട്ടിന്‍(25), മിസിസാഗ സ്വദേശിയായ ജെറമിയ സ്റ്റൗട്ട്(25) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരെ 13 വീതം 40 ല്‍ അധികം കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 

മാര്‍ക്കറ്റ്‌പ്ലെയ്‌സിലൂടെ ആപ്പിള്‍ ഐഫോണ്‍ വില്‍പ്പനയ്ക്കായി പരസ്യം ചെയ്യുന്നുണ്ടെന്നും തുടര്‍ന്ന് ഫോണ്‍ വാങ്ങിക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളുമായി പ്രതികള്‍ കൂടിക്കാഴ്ച നടത്തുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ ഈ ഫോണുകള്‍ ഐഫോണുകളോട് സാമ്യമുള്ള വ്യാജ ഫോണുകളായിരിക്കും. ചില ഉപഭോക്താക്കള്‍ക്ക് ഫോണിന്റെ ബോക്‌സില്‍ മണലോ, അരിയോ നിറച്ചുകൊടുക്കും. ചിലര്‍ക്ക് വ്യാജ രസീതും നല്‍കിയതായി ഉദ്യോഗസ്ഥര്‍ പറയുന്നു. 

ചില കൂടിക്കാഴ്ചകളില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ഉപഭോക്താക്കളെ ആക്രമിച്ച് പണം തട്ടിയെടുത്ത് പ്രതികള്‍ കടന്നുകളഞ്ഞതായും പോലീസ് പറഞ്ഞു. ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ പോലീസ് അന്വേഷണം ആരംഭിക്കുകയും ടിപിഎസിന്റെ 51 ഡിവിഷനിലുള്ള ഉദ്യോഗസ്ഥര്‍ ടൊറന്റോ ഏരിയയിലും പീല്‍ മേഖലയിലും മൂന്ന് സെര്‍ച്ച് വാറണ്ടുകള്‍ പുറപ്പെടുവിച്ചു. തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്. തിങ്കളാഴ്ച ഇവരെ കോടതിയില്‍ ഹാജരാക്കി.