അംബാനിയുടെ 'ജിയോ മാജിക്' തുടരുന്നു; അറ്റാദായത്തിൽ 13 ശതമാനം വർദ്ധനവ്, 5,337 കോടിയിലെത്തി

By: 600007 On: Apr 22, 2024, 3:44 PM

 

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന്റെ ടെലികോം ബിസിനസായ റിലയൻസ് ഇൻ റിലയൻസ് ജിയോയുടെ നാലാം സാമ്പത്തിക പാദത്തിലെ അറ്റാദായത്തിൽ 13 ശതമാനം വർദ്ധനവ്. ജനുവരി മുതൽ മാർച്ച് വരെയുള്ള പാദത്തിലെ വരുമാനം മുൻവർഷത്തിലെ 4716 കോടിയിൽ നിന്ന് 5337 കോടിയായി വർദ്ധിച്ചു.  പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 23,394 കോടിയിൽനിന്ന് 25959 കോടിയായി. 11 ശതമാനത്തിന്റെ വർദ്ധനവാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്.  

2024 സാമ്പത്തിക വർഷത്തെ മൊത്തത്തിലുള്ള കണക്കിൽ അറ്റാദായം 12.4 ശതമാനം വർദ്ധിച്ചു 20,466 കോടി രൂപയായി. 2024 മാർച്ചിൽ അവസാനിച്ച സമ്പൂർണ്ണ സാമ്പത്തിക വർഷത്തിൽ റിലയൻസ് ജിയോയുടെ ആകെ വരുമാനം 1,00,119 കോടി രൂപയായിരുന്നു. ഇത് മുൻവർഷത്തേക്കാൾ 10.2 ശതമാനത്തിന്റെ വർദ്ധനവാണ്. വരിക്കാരുടെ എണ്ണത്തിലുണ്ടാവുന്ന വലിയ വർദ്ധനവാണ് ജിയോയെ കൂടുതൽ നേട്ടത്തിലെത്തിച്ചത്. ഉപഭോക്താക്കളുടെ എണ്ണത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയാണ് ഇപ്പോൾ ജിയോ.

രാജ്യത്ത് മൂന്ന് സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരായ റിലയൻസ് ജിയോ, വോ‍ഡഫോൺ ഐഡിയ, ഭാരതി എയർടെൽ എന്നിവ 2021ന് ശേഷം ടെലികോം സേവനങ്ങളുടെ നിരക്കുകൾ വർദ്ധിപ്പിച്ചിട്ടില്ല. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പ് പൂർത്തിയായ ശേഷം ഈ വർഷം മദ്ധ്യത്തോടെ കമ്പനികൾ ടെലികോം നിരക്കുകൾ പരിഷ്കരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ജിയോ പുറത്തിറക്കിയ വിലകുറ‌ഞ്ഞ 4ജി ഫോണായ ജിയോ ഭാരതും വയർലെസ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനമായ ജിയോ എയർ ഫൈബറും ഉപഭോക്താക്കളുടെ എണ്ണം വർദ്ധിക്കാൻ വലിയ കാരണങ്ങളായെന്നാണ് വിലയിരുത്തൽ.