ഭൂമിക്കുള്ളില്‍ 250 അടി താഴ്ചയില്‍ അതിശക്തമായ വെള്ളച്ചാട്ടം; വീഡിയോ വൈറല്‍

By: 600007 On: Apr 22, 2024, 3:38 PM

പ്രകൃതി എന്നും മനുഷ്യനെ അത്ഭുതപ്പെടുത്തിയിട്ടേയുള്ളൂ. ഓരോ ദിവസവും പുതിയ പുതിയ കണ്ടെത്തലുകളാണ് പ്രകൃതിയില്‍ നിന്നുമുണ്ടാകുന്നത്. കഴിഞ്ഞ ദിവസം വനത്തിനുള്ളിലെ ഒരു ഭൂഗര്‍ഭ ഗുഹയിലേക്ക് നൂണ്ടിറങ്ങിയ ഒരു സംഘം സഞ്ചാരികള്‍ ഭൂമിക്കുള്ളില്‍ വലിയൊരു വെള്ളച്ചാട്ടം കണ്ടെത്തി. ശക്തമായ വെള്ളം ഒഴുകി രൂപപ്പെട്ടതായിരുന്നു ആ ഗുഹ. എന്നാല്‍ ഭൂമിക്ക് മുകളില്‍ നിന്ന് നോക്കിയാല്‍ വല്ല പന്നിയോ എലിയെ താമസിക്കുന്ന ഒരു ചെറിയ പൊത്ത് മാത്രമാണെന്ന് തോന്നാം. എന്നാല്‍ ആ പൊത്തിനുള്ളിലേക്ക് ഇറങ്ങിയാല്‍ മറ്റൊരു ലോകമാണ് കാണാനാകുക. 

@lowrange_outdoors എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. കുത്തനെയുള്ള ഗുഹയിലൂടെ നൂണ്ട് താഴെയെത്തുമ്പോള്‍ അതിവിശാലമായ ഒരു പ്രദേശത്ത് എത്തിയ പ്രതീതിയാണ്. വലിയ ഉയരത്തില്‍ നിന്നും വീഴുന്ന ചെറിയൊരു വെള്ളച്ചാട്ടവും ഇവിടെ കാണാം. ഭൂമിയുടെ ഉപരിതലത്തില്‍ നിന്നും ഏതാണ്ട് 250 അടി താഴ്ചയിലാണ് ഈ വെള്ളച്ചാട്ടം വന്ന് വീശുന്നത്. കാടിന് നടുവില്‍ ചെറിയൊരു ഗുഹയ്ക്കുള്ളിലെ അത്ഭുതപ്രപഞ്ചം ഇതിനകം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.