ടൊറന്റോ പോലീസ് ഉദ്യോഗസ്ഥന്റെ മരണം: ആരോപണ വിധേയന്‍ സമീര്‍ കുറ്റക്കാരനല്ലെന്ന് വിധിച്ച് ഒന്റാരിയോ സുപ്പീരിയര്‍ കോടതി  

By: 600002 On: Apr 22, 2024, 3:28 PM

 

 

ടൊറന്റോ പോലീസ് ഉദ്യോഗസ്ഥന്റെ മരണത്തില്‍ കുറ്റമാരോപിച്ച ഉമര്‍ സമീര്‍ എന്നയാള്‍ കുറ്റക്കാരനല്ലെന്ന് ജൂറി കണ്ടെത്തി. ജൂറി വിചാരണയുടെ നാലാം ദിവസം വിധി വായിച്ചപ്പോള്‍ സമീറും കുടുംബവും ആശ്വാസത്തോടെ പൊട്ടിക്കരഞ്ഞു. ടൊറന്റോ പോലീസ് സര്‍വീസിലെ ഉദ്യോഗസ്ഥനായ ജെഫ്രി നോര്‍ത്ത്‌റപ്പ് 2021 ജൂലൈ 2 നാണ് ടൊറന്റോ സിറ്റി ഹാളിലെ അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിംഗ് ഗ്യാരേജില്‍ വാഹനമിടിച്ച് മരിച്ചത്. നോര്‍ത്ത്‌റപ്പിന്റെ മരണത്തില്‍ സമീറിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റം ചുമത്തിയിരുന്നു. കൊലപാതകത്തില്‍ താന്‍ കുറ്റക്കാരനല്ലെന്ന് തുടക്കം മുതല്‍ തന്നെ സമീര്‍ പോലീസിനോട് ആവര്‍ത്തിച്ചിരുന്നു. 

നാളുകള്‍ നീണ്ട വിചാരണയ്‌ക്കൊടുവിലാണ് സമീര്‍ കുറ്റക്കാരനല്ലെന്ന് തെളിയുന്നതും വിധിക്കുന്നതും. വിധി പറഞ്ഞതിന് ശേഷം കോടതിയില്‍ നിന്നും പുറത്തുപോകുന്നതിന് മുമ്പ് ഒന്റാരിയോ സുപ്പീരിയര്‍ കോടതി ജസ്റ്റിസ് ആനി മൊല്ലായ് സമീറിനോട് ക്ഷമാപണം നടത്തി. സമീര്‍ അനുഭവിച്ച മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് അഗാധമായ ക്ഷമ ചോദിക്കുന്നുവെന്ന് ജസ്റ്റിസ് പറഞ്ഞു.