ഈ റെസ്റ്റോറന്റിൽ വൈൻ ഫ്രീയാണ്, ഒറ്റക്കാര്യം ചെയ്താൽ മതി; സോഷ്യൽ മീഡിയയുടെ കയ്യടി

By: 600007 On: Apr 22, 2024, 3:22 PM

 

റെസ്റ്റോറന്റിൽ ചെല്ലുമ്പോൾ ഒരു കുപ്പി ഫ്രീ വൈൻ കിട്ടിയാലെങ്ങനെയിരിക്കും, വൈൻ കഴിക്കുന്നവരെ സംബന്ധിച്ച് അടിപൊളിയായിരിക്കും അല്ലേ? ഈ റെസ്റ്റോറന്റിൽ ചെന്നാൽ അത് നടക്കും, ഒരു കുപ്പി വൈൻ ഫ്രീയായി കയ്യിലെത്തും. പക്ഷേ, അതിന് ഒരു നിബന്ധനയുണ്ട്. 

വെറോണയിലെ അൽ കണ്ടോമിനിയോ എന്ന ഇറ്റാലിയൻ റെസ്റ്റോറന്റാണ് തങ്ങളുടെ ഉപഭോക്താക്കൾക്ക് സൗജന്യ വൈൻ വാ​ഗ്ദ്ധാനം ചെയ്യുന്നത്. അതിനുള്ള കണ്ടീഷൻ എന്താണ് എന്നല്ലേ? അവിടെ എത്തിക്കഴിഞ്ഞാൽ നിങ്ങൾ ഫോൺ ഉപയോ​ഗിക്കരുത്. ഫോൺ അവിടെ ഏല്പിക്കണം. വടക്കൻ ഇറ്റാലിയൻ നഗരത്തിൽ മാർച്ചിൽ ആരംഭിച്ച ഈ റെസ്റ്റോറന്റിന്റെ ഉടമയുടെ പേര് ആഞ്ചലോ ലെല്ല എന്നാണ്. 

'തങ്ങളുടെ റെസ്റ്റോറന്റിലെത്തുന്നവർ ഫോണിൽ നോക്കിയിരിക്കാതെ പരസ്പരം സംസാരിക്കണം അതിന് വേണ്ടിയാണ് ഇങ്ങനെ ഒരു കാര്യം നടപ്പിലാക്കുന്നത്' എന്നാണ് ആഞ്ചലോ ലെല്ല പറയുന്നത്. 'സാങ്കേതികവിദ്യ ഇന്ന് വലിയ പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്. ഓരോ അഞ്ച് സെക്കൻഡ് കഴിയുമ്പോഴും നിങ്ങൾ നിങ്ങളുടെ ഫോണിൽ നോക്കേണ്ടുന്ന ആവശ്യമില്ല. ഇത് ഒരു കുപ്പി വൈൻ കിട്ടാനുള്ള മാർ​ഗം കൂടിയാണ്' എന്നാണ് ലെല്ല മാധ്യമങ്ങളോട് പറഞ്ഞത്. 

'വ്യത്യസ്തമായ ഒരു റെസ്റ്റോറന്റ് തുടങ്ങണം എന്ന് ആ​ഗ്രഹമുണ്ടായിരുന്നു. അതിനാലാണ് റെസ്റ്റോറന്റ് തുടങ്ങിയപ്പോൾ ഇങ്ങനെ വ്യത്യസ്തമായ പദ്ധതിയുണ്ടാക്കിയത്. ഫോണിൽ നോക്കുന്നതിന് പകരം എല്ലാവരും പരസ്പരം നോക്കുകയും സംസാരിക്കുകയും ചെയ്യുന്ന ആ പഴയ രീതി ഇവിടെ ഉണ്ടാവണം' എന്നാണ് ആ​ഗ്രഹം എന്നും ലെല്ല പറഞ്ഞു.