ക്യൂബയില്‍ മരിച്ച ക്യുബെക്ക് സ്വദേശിയുടെ മൃതദേഹം മാറിനല്‍കി; 68 കാരന്റെ മൃതദേഹത്തിന് പകരം നല്‍കിയത് 20 കാരനായ റഷ്യന്‍ പൗരന്റെ മൃതദേഹം 

By: 600002 On: Apr 22, 2024, 11:04 AM

 


ക്യൂബയില്‍ അവധിക്കാലാഘോഷത്തിനെത്തിയ ക്യുബെക്കിലെ കുടുംബത്തിന്റെ സന്തോഷം നിമിഷനേരം കൊണ്ട് തീരാദു:ഖത്തിലേക്ക് വഴിമാറി. ക്യുബെക്ക് സ്വദേശിയായ ഫരാജ് ജാര്‍ജൗറും കുടുംബവും മാര്‍ച്ച് 22 നാണ് അവധിയാഘോഷിക്കാനായി ക്യൂബയിലെത്തിയത്. എന്നാല്‍ ഫരാജ് അവിടെ വെച്ച് മരണമടഞ്ഞു.ക്യൂബയിലെത്തി രണ്ടാം ദിവസമാണ് ഫരാജ് ഹൃദയാഘാതം മൂലം മരിക്കുന്നത്. ഹൃദയാഘാതം ഉണ്ടായ ഉടന്‍ എമര്‍ജന്‍സി സര്‍വീസിനായി കാത്തിരുന്നെങ്കിലും മണിക്കൂറുകള്‍ കഴിഞ്ഞാണ് ആംബുലന്‍സ് എത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 

ഫരാജിന്റെ വിയോഗത്തില്‍ തീരാദു:ഖത്തിലായിരുന്ന കുടുംബത്തിന് പക്ഷേ അവരുടെ പിതാവിന്റെ മൃതദേഹത്തിന് പകരം ലഭിച്ചത് മറ്റൊരാളുടെ മൃതദേഹമായിരുന്നു. രണ്ട് മക്കളുള്ള 68കാരനായ ഫരാജിന്റെ മൃതദേഹത്തിന് പകരം 20 വയസ് പ്രായം തോന്നിക്കുന്ന ദേഹം മുഴുവന്‍ ടാറ്റൂ ചെയ്ത റഷ്യന്‍ പൗരന്റെ മൃതദേഹമാണ് ലഭിച്ചത്. ഇത് കുടുംബത്തെ ഒന്നടങ്കം ഞെട്ടിപ്പിച്ചു. 

തന്റെ അച്ഛനെപോലെ തോന്നാത്തൊരാളായിരുന്നു അതെന്ന് ഫരാജിന്റെ മകള്‍ മിറിയം ജാര്‍ജൂര്‍ പറഞ്ഞു. ജീവന്‍ നഷ്ടമായ പിതാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തിരിച്ച് തങ്ങള്‍ക്ക് പിതാവിന്റെ മൃതദേഹം പോലും ലഭിച്ചില്ലെന്നത് ഞെട്ടിപ്പിക്കുന്ന സംഭവമാണെന്ന് മകന്‍ കരം ജാര്‍ജൂര്‍ പറയുന്നു. പിതാവിന്റെ മൃതദേഹം ലഭിക്കാത്തതിനെ തുടര്‍ന്ന് കനേഡിയന്‍ കോണ്‍സുലേറ്റിലേക്ക് വിളിച്ചു. എന്നാല്‍ വാരാന്ത്യമായതിനാല്‍ അടച്ചിട്ടിരിക്കുകയാണെന്നും തിങ്കളാഴ്ച വിവരമറിയിക്കാമെന്നും അറിയിച്ചു.  

ജാര്‍ജൗറിന്റെ മൃതദേഹം കാനഡയിലേക്ക് അയക്കാന്‍ കുടുംബം 10,000 ഡോളര്‍ നല്‍കണമെന്നും കോണ്‍സുലേറ്റ് അറിയിച്ചു. മൂന്നാഴ്ച കാത്തിരുന്നിട്ടും ഫരാജിന്റെ മൃതദേഹം ലഭിച്ചില്ല. പാസ്‌പോര്‍ട്ടും മരണ സര്‍ട്ടിഫിക്കറ്റും ഉണ്ട്. എന്നാല്‍ പിതാവിന്റെ മൃതദേഹം എവിടെയാണെന്നുപോലും അറിയാത്ത സ്ഥിതിയിലാണ് തങ്ങളിപ്പോഴെന്ന് ജാര്‍ജൗര്‍ കുടുംബം പറയുന്നു. 

ഇതൊരു മനുഷ്യനാണ്, മൃഗമോ മറ്റെന്തെങ്കിലുമോ അല്ല. തങ്ങള്‍ക്ക് പിതാവിന്റെ മൃതദേഹം പോലും ലഭിച്ചില്ലെന്ന് പറയുന്നത് വളരെ വിഷമിപ്പിക്കുന്ന കാര്യമാണെന്ന് കരം വികാരാധീനനായി. കനേഡിയന്‍ പൗരന്മാര്‍ക്ക് ക്യൂബയില്‍ ഒരു സംരക്ഷണം ഉറപ്പാക്കുന്നില്ലെന്ന് കുടുംബം കുറ്റപ്പെടുത്തി. അതേസമയം, ഫരാജിന്റെ മൃതദേഹം ലഭിക്കാനായി ക്യൂബന്‍ കമ്പനിയുമായി ബന്ധപ്പെടുന്നുണ്ടെന്ന് മോണ്‍ട്രിയലിലെ ഉര്‍ഗല്‍ ബോര്‍ഗി ഫ്യൂണറല്‍ ഹോം അറിയിച്ചു.