സെന്‍ട്രല്‍ ബ്രിട്ടീഷ് കൊളംബിയയില്‍ കാട്ടുതീ വ്യാപിക്കുന്നു. തീ നിയന്ത്രണവിധേയമാക്കാനുള്ള കഠിനപരിശ്രമത്തിലാണ് അഗ്നിശമന സേനാംഗങ്ങള്‍. ശനിയാഴ്ച ഉച്ചകഴിഞ്ഞ് കരിബൂ മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏഴ് തീപിടുത്തങ്ങള്‍ മനുഷ്യനിര്‍മിതമാണെന്നാണ് റിപ്പോര്‍ട്ട്. ബര്‍ഗെസ് ക്രീക്കില്‍ ഒറ്റരാത്രികൊണ്ടാണ് തീ ആളിപ്പടര്‍ന്നത്. ഞായറാഴ്ച 0.5 ചതുരശ്ര കിലോമാറ്ററില്‍ നിന്ന് 16 ചതുരശ്ര കിലോമാറ്ററായി വളര്‍ന്നതായി അധികൃതര്‍ പറഞ്ഞു. നോര്‍ത്ത്ഈസ്റ്റ് വാന്‍കുവറിന് 415 കിലോമീറ്റര്‍ അകലെയുള്ള ക്വസ്‌നലില്‍ നിന്ന് 50 കിലോമീറ്റര്‍ ദൂരത്തായാണ് തീ ആളിക്കത്തുന്നത്.
ക്യുസ്‌നെല്‍, വില്യംസ് ലേക്ക്, ഹൈവേ 97 എന്നിവടങ്ങളിലേക്ക് തീയില്‍ നിന്നും ഉയരുന്ന കനത്ത പുക വ്യാപിക്കുന്നതായും വായുമലിനീകരണം ഉണ്ടാക്കുന്നതായും ബീസി വൈല്‍ഡ്ഫയര്‍ സര്‍വീസ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മാഡിസണ്‍ ഡാല്‍ പറഞ്ഞു. കാട്ടുതീ വീടുകള്‍ക്കോ കെട്ടിടങ്ങള്‍ക്കോ ഭീഷണിയില്ലെന്നും ഞായറാഴ്ച കാട്ടുതീയുടെ വ്യാപ്തി കൃത്യമായി മാപ്പ് ചെയ്യാന്‍ അഗ്നിശമന സേനാംഗങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഡാല്‍ വ്യക്തമാക്കി.
വരണ്ട കാലാവസ്ഥായും ശക്തമായ കാറ്റും കാട്ടുതീയുടെ തീവ്രത വര്‍ധിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഞായറാഴ്ച തീയണയ്ക്കാന്‍ 40 ഓളം ഉദ്യോഗസ്ഥരാണ് പ്രവര്‍ത്തിക്കുന്നതെന്നും ഹെലികോപ്റ്ററുകളും വിമാനങ്ങളും സഹായത്തിനായി സ്ഥലത്തുണ്ടെന്നും ഡാല്‍ അറിയിച്ചു.
അഗ്നിശമന കേന്ദ്രത്തിലുടനീളം കാറ്റഗറി 2,3 ഫയര്‍ ബാന്‍ നിലവിലുണ്ട്. പൈല്‍ ബേണ്‍സ് ഉള്‍പ്പെടെയുള്ള ഓപ്പണ്‍ ഫയര്‍ ബാന്‍ ചെയ്തതായി ഡാല്‍ വ്യക്തമാക്കി.