പോലീസ് ഉദ്യോഗസ്ഥരായി ചമഞ്ഞ് തട്ടിപ്പ്: മുന്നറിയിപ്പ് നല്‍കി ടൊറന്റോ പോലീസ് സര്‍വീസ് 

By: 600002 On: Apr 22, 2024, 9:07 AM

 

 

പോലീസ് ഉദ്യോഗസ്ഥരായി ചമഞ്ഞ് തട്ടിപ്പ് നടത്തുന്ന സംഘങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ടൊറന്റോ പോലീസ് സര്‍വീസ്. ഫോണില്‍ ടൊറന്റോ പോലീസ് സര്‍വീസില്‍ നിന്നും വിളിക്കുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ആളുകളെ തട്ടിപ്പിനിരയാക്കുന്നതെന്ന് പോലീസ് പറഞ്ഞു. ടൊറന്റോ പോലീസ് സര്‍വീസ് നമ്പറില്‍ നിന്നും ആളുകള്‍ക്ക് കോളുകള്‍ ലഭിച്ച നിരവധി സംഭവങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറയുന്നു. വാഹനം കൂട്ടിയിടിച്ചിട്ടുണ്ടെന്നും പിഴ അടയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നതെന്ന് പോലീസ് പറയുന്നു. 

സ്‌കാമറില്‍ നിന്നും 416-808 എന്ന് ആരംഭിക്കുന്ന നമ്പറാണ് കാണിക്കുന്നത്. തുടര്‍ന്ന് നാല് നമ്പറുകളുമുണ്ട്. മിസ്ഡ് കോളായെങ്കില്‍ നമ്പറിലേക്ക് തിരികെ വിളിക്കുമ്പോള്‍ കോള്‍ വ്യാജമാണെന്നും ടൊറന്റോ പോലീസിന്റേതല്ല കോളെന്നും തിരിച്ചറിയും. ഇത്തരത്തില്‍ കോളുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അവഗണിക്കണമെന്നും ഒരിക്കലും പോലീസ് സ്വകാര്യ, സാമ്പത്തിക വിവരങ്ങള്‍ ഫോണിലൂടെ പൊതുജനങ്ങളോട് ചോദിക്കില്ലെന്നും പിഴയടയ്ക്കാന്‍ ആവശ്യപ്പെടാറില്ലെന്നും ടൊറന്റോ പോലീസ് സര്‍വീസ് മുന്നറിയിപ്പ് നല്‍കി. 

വാഹനം കൂട്ടിയിടിച്ച് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ ഔദ്യോഗിക ടൊറന്റോ പോലീസ് സര്‍വീസ് ലെറ്റര്‍ഹെഡുള്ള കത്ത് വഴി ആളുകളെ അറിയിക്കുകയും അടുത്തുള്ള കോളിഷന്‍ റിപ്പോര്‍ട്ടിംഗ് സെന്ററില്‍ റിപ്പോര്‍ട്ട് ചെയ്യാനും ആവശ്യപ്പെടുകയാണ് ചെയ്യുകയെന്നും പോലീസ് പറഞ്ഞു.