സൊമാറ്റോയിൽ ഓർഡർ ചെയ്യാൻ ഇനി കൂടുതൽ പണം നൽകണം

By: 600007 On: Apr 22, 2024, 8:51 AM

 

ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോയിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യുന്നതിന് ഇനി ചെലവേറും. സൊമാറ്റോ പ്ലാറ്റ്‌ഫോം ചാർജ് 25 ശതമാനം വർധിപ്പിച്ച് ഓർഡറിന് 5 രൂപയാക്കി.  ഓരോ തവണ ഓർഡർ ചെയ്യുമ്പോഴും അഞ്ച് രൂപ ഇനി അധികമായി നൽകേണ്ടി വരും. നേരത്തെ ഒരു ഓർഡറിന് നാല് രൂപയായിരുന്നു.  ജനുവരിയിൽ  ആണ് പ്ലാറ്റ്ഫോം ഫീസ് ഓർഡറിന് 3 രൂപയിൽ നിന്ന് 4 രൂപയായി ഉയർത്തിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ  2 രൂപ  ഉണ്ടായിരുന്ന ഫീസ് 3 രൂപയായി ഉയർത്തുകയായിരുന്നു.

ഡെലിവറി നിരക്കുകൾക്ക് പുറമെയാണ് സൊമാറ്റോ  പ്ലാറ്റ്‌ഫോം ഫീസ് ഈടാക്കുന്നത്. അതേ സമയം സൊമാറ്റോ ഗോൾഡ് അംഗങ്ങൾ ഡെലിവറി ചാർജ് നൽകേണ്ടതില്ല. എന്നാൽ അവർ പ്ലാറ്റ്ഫോം ഫീസ് നൽകേണ്ടിവരും. സൊമാറ്റോയുടെ സ്വന്തം ക്വിക്ക്-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ബ്ലിന്കിറ്റും ഓരോ ഓർഡറിനും ഹാൻഡ്‌ലിംഗ് ചാർജായി കുറഞ്ഞത് 2 രൂപ ഈടാക്കുന്നുണ്ട്.  സൊമാറ്റോയ്ക്ക് പ്രതിദിനം 20 മുതൽ 22 ലക്ഷം വരെ ഓർഡറുകൾ ലഭിക്കുന്നുണ്ട്.  അതായത് ഓരോ ഓർഡറിനും പ്ലാറ്റ്‌ഫോം ഫീസ് ഒരു രൂപ വീതം വർധിപ്പിച്ചാൽ കമ്പനിക്ക് ദിവസവും 20 ലക്ഷം രൂപ അധികം ലഭിക്കും.  സൊമാറ്റോയുടെ പ്രധാന എതിരാളിയായ സ്വിഗ്ഗിയും ഉപഭോക്താക്കളിൽ നിന്ന് പ്ലാറ്റ്‌ഫോം ഫീ ഈടാക്കുന്നുണ്ട്. ഒരു ഓർഡറിന്  സ്വിഗിയുടെ പ്ലാറ്റ്ഫോം ഫീസും 5 രൂപയാണ്.