മെറ്റ എഐ ഇനി വാട്സ്ആപ്പിലും

By: 600002 On: Apr 20, 2024, 11:05 AM

 

 

ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍ എന്നിവയ്ക്ക് പിന്നാലെ ചാറ്റ്ബോട്ടായ മെറ്റ എഐ വാട്സ്ആപ്പിലും. എല്ലാ വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്കും ഈ അപ്ഡേഷന്‍ ലഭ്യമായിട്ടില്ല. നിലവില്‍ കാനഡയുള്‍പ്പെടെയുള്ള ചുരുക്കം ചില രാജ്യങ്ങളിലാണ് വാട്സ്ആപ്പിലെ എഐ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുള്ളത്. ഇംഗ്ലീഷ് മാത്രമേ നിലവില്‍ മെറ്റ എഐ സപ്പോര്‍ട്ട് ചെയ്യുന്നുള്ളൂ. മെറ്റയുടെ തന്നെ ലാര്‍ജ് ലാംഗ്വേജ് മോഡലായ ലാമ എഐ അടിസ്ഥാനമാക്കിയാണ് ഇതിന്റെ പ്രവര്‍ത്തനം. ചാറ്റ് ജിപിടിയ്ക്ക് സമാനമായി സുഗമമായ സംഭാഷണങ്ങളാണ് മെറ്റ വാഗ്ദാനം ചെയ്യുന്നത്. എന്തിനെക്കുറിച്ചും ഈ ചാറ്റ്‌ബോട്ടുമായി സംസാരിക്കാനും ചോദ്യങ്ങള്‍ ചോദിക്കാനുമാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതേസമയം, ഫീച്ചര്‍ ഓഫാക്കാന്‍ കഴിയാത്തതിനാല്‍ എല്ലാവരും ഈ ടൂള്‍ സ്വാഗതം ചെയ്‌തേക്കില്ല.

കാനഡ കൂടാതെ ഇന്ത്യ, ഓസ്‌ട്രേലിയ, ഘാന, ജമൈക്ക, മലാവി, ന്യൂസിലാന്‍ഡ്, നൈജീരിയ, പാക്കിസ്ഥാന്‍, സിംഗപ്പൂര്‍, ദക്ഷിണാഫ്രിക്ക, ഉഗാണ്ട, സാംബിയ, സിംബാബ്‌വെ എന്നിവടങ്ങളില്‍ മെറ്റ എഐ ഇപ്പോള്‍ ലഭ്യമാണ്.  

വാട്സ്ആപ്പില്‍ എഐ ചാറ്റ് ബോട്ടുമായി സംഭാഷണം ആരംഭിക്കുന്നതിനായി ആപ്പ് ഓപ്പണ്‍ ചെയ്ത ശേഷം 'ന്യൂ ചാറ്റ്' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കണം. അതില്‍ നിന്നും 'മെറ്റ എഐ' ഐക്കണ്‍ തിരഞ്ഞെടുത്ത് സേവന നിബന്ധനകള്‍ വായിച്ചു നോക്കി അംഗീകരിച്ച ശേഷം ഐക്കണില്‍ ടാപ് ചെയ്താല്‍ ഇന്‍ബോക്സിലേക്കുള്ള ആക്സസ് ലഭിക്കും. തുടര്‍ന്ന് ആവശ്യാനുസൃതം സംഭാഷണങ്ങള്‍ നടത്താം.