റിച്ച്മണ്ടില്‍ പോലീസ് അല്ലെങ്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി റിച്ച്മണ്ട് ആര്‍സിഎംപിയുടെ മുന്നറിയിപ്പ്. തട്ടിപ്പില്‍ ഒരു മാസത്തിനുള്ളില്‍ ഒരു മില്യണിലധികം ഡോളര്‍ ആളുകള്‍ക്ക് നഷ്ടമായതായി പോലീസ് പറയുന്നു. മാര്‍ച്ച് 1നും ഏപ്രില്‍ 8 നും ഇടയില്‍ പോലീസായി ചമഞ്ഞ് തട്ടിപ്പ് നടത്തിയ സംഭവങ്ങളുടെ ഏഴോളം റിപ്പോര്‍ട്ടുകളാണ് ലഭിച്ചതെന്ന് പോലീസ് അറിയിച്ചു. ഇതില്‍ മൂന്ന് കേസുകളില്‍ മാത്രമാണ് പണം നഷ്ടമാകാതിരുന്നത്. തട്ടിപ്പുകാര്‍ ചൈനീസ് പോലീസ് ഉദ്യോഗസ്ഥരായോ സര്‍ക്കാര്‍ ജീവനക്കാരായോ ആള്‍മാറാട്ടം നടത്തിയാണ് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത്.
ഫോണില്‍ വിളിച്ച് പണം നല്‍കാന്‍ ആവശ്യപ്പെടുന്ന തട്ടിപ്പുകാര്‍ പണം നല്‍കിയില്ലെങ്കില്‍ പോലീസ് നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. പണം തട്ടാന്‍ വിവിധ തന്ത്രങ്ങള്‍ തട്ടിപ്പുകാര്‍ നടത്തുമെന്ന് വാര്‍ത്താക്കുറിപ്പില്‍ ആര്‍സിഎംപി അറിയിച്ചു. ഇത്തരത്തില്‍ സംശയാസ്പദമായ രീതിയില്‍ ഫോണില്‍ ആരെങ്കിലും വിളിക്കുകയാണെങ്കില്‍ വ്യാജമാണോയെന്ന് തിരിച്ചറിയണമെന്ന് പോലീസ് നിര്‍ദ്ദേശിച്ചു.
ബിറ്റ്‌കോയിന്‍, ഗൂഗിള്‍ പ്ലേ, അല്ലെങ്കില്‍ ഐട്യൂണ്‍സ് ഗിഫ്റ്റ് കാര്‍ഡുകള്‍ എന്നിവയില്‍ പണമടയ്ക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥാനാണെന്ന് അവകാശപ്പെടുന്ന ആരെങ്കിലും ആവശ്യപ്പെട്ടാല്‍ സംഭവം പോലീസില്‍ അറിയിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. തട്ടിപ്പിനിരയായി എന്ന് കരുതുന്നവര്‍ ലോക്കല്‍ പോലീസിലോ കനേഡിയന്‍ ആന്റി ഫ്രോഡ് സെന്ററിലോ ബന്ധപ്പെടണമെന്നും പോലീസ് അറിയിച്ചു.