സംഘടിത ക്രൈംഗ്രൂപ്പുകള്‍ മോണ്‍ട്രിയലില്‍ 15 വയസ്സുള്ളവരെ കാറുകള്‍ മോഷ്ടിച്ച് വിദേശത്തേക്ക് കടത്താന്‍ റിക്രൂട്ട് ചെയ്യുന്നതായി പോലീസ്. വാഹനം മോഷ്ടിക്കുന്നതിനിടെ മോഷ്ടാവെന്ന് കരുതുന്ന ഒരാള്‍ക്കെതിരെ പോലീസ് വെടിയുതിര്‍ത്തതിന് ശേഷം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പാര്‍ലമെന്റംഗങ്ങളോട് സംഭവത്തിന്റെ ഗൗരവം അറിയിച്ചു. ചില കേസുകളില്‍ മോഷണം പാളിയാല്‍ യുവാക്കള്‍ പീഡിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും മോണ്‍ട്രിയല്‍ പോലീസ് സര്‍വീസ്(SPVM) കമാന്‍ഡറായ യാനിക്ക് ഡെസ്മറൈസ് പറയുന്നു.
ടൊറന്റോയിലേക്കാണ് 15 നും 25 നും ഇടയില്‍ പ്രായമുള്ളവരെ കാറുകള്‍ മോഷ്ടിക്കാന്‍ കൂടുതലായും റിക്രൂട്ട് ചെയ്യുന്നത്. മോഷണത്തില്‍ വിജയിച്ചില്ലെങ്കില്‍ സംഘാംഗങ്ങളാല്‍ ചെറുപ്പക്കാര്‍ പീഡിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ മോഷണം തടയാനും യുവാക്കളെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാനും ടീമായി പ്രവര്‍ത്തിക്കുന്നത് വളരെ അത്യാവശ്യമാണെന്ന് കരുതുന്നതായി ഡെസ്മറൈസ് പൊതുസുരക്ഷയും ദേശീയ സുരക്ഷയും സംബന്ധിച്ച് ഹൗസ് കമ്മിറ്റിയില്‍ പറഞ്ഞു.
കാര്‍ മോഷണവും സായുധ ആക്രമണവും തമ്മില്‍ ബന്ധമുണ്ടെന്ന് SPVM കമാന്‍ഡര്‍ പറഞ്ഞു. അക്രമിസംഘം തോക്കുകള്‍ വാങ്ങിക്കാന്‍ പണം കണ്ടെത്തുന്നത് മോഷണപ്രവര്‍ത്തനങ്ങളില്‍ നിന്നാണെന്ന് പോലീസ് അന്വേഷണ സംഘം കണ്ടെത്തിയതായി പറയുന്നു. അക്രമസക്തമായ മോഷണങ്ങളില്‍ ഈ ആയുധങ്ങളാണ് മോഷ്ടാക്കള്‍ ഉപയോഗിക്കുന്നത്.
കാര്‍ മോഷ്ടാക്കളെയാണ് പോലീസ് ലക്ഷ്യമിടുന്നതെങ്കിലും മോഷ്ടിച്ച വാഹനങ്ങള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതിന് ഉത്തരവാദികളായ കയറ്റുമതിക്കാരെയും പിടികൂടാന്‍ ശ്രമിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
ഈ മാസമാദ്യം എസ്പിവിഎം, കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി എന്നിവര്‍ സംയുക്തമായി മോണ്‍ട്രിയല്‍ പോര്‍ട്ടിലെ 400 ഓളം ഷിപ്പിംഗ് കണ്ടെയ്‌നറുകളില്‍ നടത്തിയ പരിശോധനയില്‍ മോഷ്ടിച്ച 600 ഓളം വാഹനങ്ങള്‍ കണ്ടെടുത്തിരുന്നു. ഇതില്‍ പകുതിയിലധികം കാറുകളും ടൊറന്റോ മേഖലയില്‍ നിന്നുള്ളതായിരുന്നു.