ഗ്രാന്‍ഡ്‌പേരന്റ് സ്‌കാം:  മോണ്‍ട്രിയലിലും ലാവലിലും 14 പേരെ അറസ്റ്റ് ചെയ്തു 

By: 600002 On: Apr 19, 2024, 4:20 PM

 


മോണ്‍ട്രിയലിലും ലാവലിലും ഗ്രാന്‍ഡ്‌പേരന്റ് സ്‌കാമുമായി ബന്ധപ്പെട്ട് 14 പേരെ അറസ്റ്റ് ചെയ്തതായി പോലീസ്. ക്യുബെക്ക്, ഒന്റാരിയോ, യുഎസ് എന്നിവടങ്ങളില്‍ നിന്നുള്ള പോലീസ് ഉള്‍പ്പെട്ട പ്രൊജക്ട് ഷാര്‍പ്പ് എന്ന ഓപ്പറേഷനിലൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തട്ടിപ്പില്‍ 2022 ഫെബ്രുവരി മുതല്‍ കനേഡിയന്‍ പൗരന്മാര്‍ക്ക് 2.2 മില്യണ്‍ ഡോളറാണ് നഷ്ടമായതെന്നാണ് റിപ്പോര്‍ട്ട്. അറസ്റ്റിലായ പ്രതികള്‍ക്ക് 24 നും 34 നും ഇടയിലാണ് പ്രായം. ഇവര്‍ അടുത്തിടെ ടൊറന്റോയില്‍ നിന്നും താമസം മാറിയതായും പോലീസ് പറഞ്ഞു. ഈ വര്‍ഷം മാത്രം തട്ടിപ്പ് സംഘം കാനഡയിലുടനീളമുള്ള 126 പേരില്‍ നിന്ന് ഏകദേശം 739,000 ഡോളര്‍ തട്ടിയെടുത്തതായി പോലീസ് പറയുന്നു. 

ഒന്റാരിയോയില്‍ താമസിക്കുന്ന 46 നും 95 നും ഇടയില്‍ പ്രായമുള്ളവരെയാണ് തട്ടിപ്പുകാര്‍ കൂടുതലായും ലക്ഷ്യമിടുന്നത്. പോലീസ് ഉദ്യോഗസ്ഥരായി ചമഞ്ഞ് പേരക്കുട്ടി പോലീസ് കസ്റ്റഡിയിലാണെന്ന് ഫോണിലൂടെ അറിയിക്കുന്ന പ്രതികള്‍ മോചനത്തിനായി ജാമ്യത്തുക ആവശ്യപ്പെടും. ഇത് വിശ്വസിക്കുന്ന വയോജനങ്ങള്‍ പണം അയച്ചുകൊടുക്കുന്നു. മിക്ക കേസുകളിലും പണം ലഭിക്കാന്‍ കൊറിയറുകളാണ് പ്രതികള്‍ ഉപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു. 

മിക്ക കേസുകളിലും പണം റീഫണ്ട് ചെയ്യുന്നത് സാധ്യമല്ല. കുറഞ്ഞത് 559,000 ഡോളര്‍ വീണ്ടെടുക്കാന്‍ ബാങ്കുകളുമായി പോലീസ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.  

പ്രതികള്‍ക്കെതിരെ ആകെ 56 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. നാല് പ്രതികള്‍ ഇപ്പോഴും കസ്റ്റഡിയിലാണ്. വരും ദിവസങ്ങളില്‍ ഇവരെ കോടതിയില്‍ ഹാജരാക്കുമെന്നും ബാക്കിയുള്ള പ്രതികളെ വിട്ടയക്കുകയും ഇവരെ പിന്നീട് അടുത്ത മാസം കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു.