3000 കോടിയുടെ കരാർ; ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ ഫിലിപ്പൈൻസിന് കൈമാറി ഇന്ത്യ

By: 600007 On: Apr 19, 2024, 1:43 PM

ദില്ലി: ഫിലിപ്പൈൻസിന് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ കൈമാറി. 2022ൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ച 375 മില്യൺ ഡോളർ കരാറിൻ്റെ ഭാഗമായിട്ടായികുന്നു ആയുധ കൈമാറ്റം. ഇന്ത്യൻ വ്യോമസേന അമേരിക്കൻ നിർമിത സി-17 ഗ്ലോബ്മാസ്റ്റർ ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് മിസൈലുകളോടൊപ്പമാണ് ഫിലിപ്പീൻസിലെ മറൈൻ കോർപ്സിന് ആയുധങ്ങൾ കൈമാറിയത്. മിസൈലുകൾക്കൊപ്പം ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ സാങ്കേതിക വിദ്യകളുടെ കൈമാറ്റം കഴിഞ്ഞ മാസം തന്നെ ആരംഭിച്ചിരുന്നു. 

ദക്ഷിണ ചൈനാ കടലിൽ ഫിലിപ്പീൻസും ചൈനയും തമ്മിലുള്ള സംഘർഷം രൂക്ഷമായ സമയത്താണ് ഇന്ത്യ മിസൈൽ സംവിധാനങ്ങൾ കൈമാറുന്നതെന്നും ശ്രദ്ധേയം. ബ്രഹ്മോസ് മിസൈൽ സംവിധാനത്തിൻ്റെ മൂന്ന് ബാറ്ററികൾ ഫിലിപ്പീൻസ് അവരുടെ തീരപ്രദേശങ്ങളിൽ വിന്യസിക്കും. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷനും (ഡിആർഡിഒ) റഷ്യൻ ഫെഡറേഷൻ്റെ എൻപിഒ മഷിനോസ്‌ട്രോയേനിയയും ചേർന്നുള്ള സംയുക്ത സംരംഭമായ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ ലോകത്തിലെ ഏറ്റവും വിജയകരമായ മിസൈൽ പ്രോഗ്രാമുകളിൽ പ്രധാനപ്പെട്ടതാണ്.