വൈദ്യുത നിരക്ക് സ്ഥിരപ്പെടുത്താന്‍ നിയമനിര്‍മാണം അവതരിപ്പിക്കാനൊരുങ്ങി ആല്‍ബെര്‍ട്ട

By: 600002 On: Apr 19, 2024, 7:05 AM

 

 

വൈദ്യുതി നിരക്കിലുണ്ടാകുന്ന കുത്തനെയുള്ള വര്‍ധന തടയാന്‍ ലക്ഷ്യമിട്ട് പുതിയ നിയമനിര്‍മാണം അവതരിപ്പിക്കാനൊരുങ്ങി ആല്‍ബെര്‍ട്ട. രണ്ട് വര്‍ഷം കൂടുമ്പോള്‍ ഓരോ ദാതാവിനും സ്ഥിര വൈദ്യുതി നിരക്ക് നിശ്ചയിക്കാനാണ് ലക്ഷ്യം. പുതിയ നിയമം വരുന്നതോടെ, മോശം ക്രെഡിറ്റ് സ്‌കോറുള്ളവര്‍, പ്രായമായവര്‍, അല്ലെങ്കില്‍ മറ്റ് പ്രൊവൈഡര്‍ ഓപ്ഷനുകളില്ലാത്ത ഗ്രാമീണ പ്രദേശങ്ങളിലെ ആളുകള്‍ എന്നിവരുള്‍പ്പെടെ ഒരു കരാറില്‍ ചേരാന്‍ കഴിയാത്ത ആളുകള്‍ക്ക് നിരക്കുകള്‍ ഗണ്യമായി കുറയ്ക്കുമെന്ന് പ്രവിശ്യ സര്‍ക്കാര്‍ അവകാശപ്പെടുന്നു. 2025 ജനുവരി 1 മുതല്‍ മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അഫോര്‍ഡബിളിറ്റി ആന്‍ഡ് യൂട്ടിലിറ്റീസ് മിനിസ്റ്റര്‍ നഥാന്‍ ന്യൂഡോര്‍ഫ് പറഞ്ഞു. 

പുതിയ സെറ്റ് നിരക്കുകള്‍ക്ക് പുറമെ മത്സരാധിഷ്ഠിത കരാറില്‍ ഒപ്പിടാന്‍ കഴിയാത്ത ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന റെഗുലേറ്റഡ് റേറ്റ് ഓപ്ഷന്‍(RRO), റേറ്റ് ഓഫ് ലാസ്റ്റ് റിസോര്‍ട്ട് എന്ന പേരിലേക്ക് മാറ്റുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇത് ഉപഭോക്താക്കള്‍ക്ക് അവര്‍ നല്‍കുന്ന നിരക്ക് മനസ്സിലാക്കാന്‍ സഹായിക്കുമെന്നും അവര്‍ക്ക് കഴിയുമെങ്കില്‍ മറ്റൊരു ഓപ്ഷന്‍ കണ്ടെത്താന്‍ പ്രോത്സാഹിപ്പിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. 

പ്രവിശ്യയില്‍ 29 ശതമാനം റെസിഡന്‍ഷ്യല്‍ ഉപഭോക്താക്കളും നിലവില്‍ ആര്‍ആര്‍ഒയിലാണെന്നും 32 ശതമാനം വാണിജ്യ ഉപഭോക്താക്കളും 46 ശതമാനം ഫാം ഉപഭോക്താക്കളും ആര്‍ആര്‍ഒ ഉപയോഗിക്കുന്നുണ്ടെന്നുമാണ് കണക്കുകള്‍. ആല്‍ബെര്‍ട്ട യൂട്ടിലിറ്റീസ് കമ്മീഷന്‍ പറയുന്നതനുസരിച്ച് ഏപ്രില്‍ 18 വരെ വൈദ്യുതിയുടെ നിരക്ക് കിലോവാട്ടിന് ഏകദേശം 15 സെന്റ് ആണ്.