കാനഡയുടെ അതിര്‍ത്തി നിയമങ്ങള്‍ ബീസിയിലെ ഡ്രൈവര്‍മാര്‍ക്ക് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു 

By: 600002 On: Apr 18, 2024, 5:18 PM

 

 

ഈ ആഴ്ച ബ്രിട്ടീഷ് കൊളംബിയയുടെ ചില ഭാഗങ്ങളില്‍ ഗ്യാസ് വില ലിറ്ററിന് 2 ഡോളറില്‍ കൂടുതലാകുമെന്നാണ് പ്രവചനം. എന്നാല്‍ കാനഡ അതിര്‍ത്തി കടന്ന് അമേരിക്കയിലെത്തിയാല്‍ കുറഞ്ഞ നിരക്കില്‍ ഇന്ധനം നിറയ്ക്കാന്‍ സാധിക്കും. എന്നാല്‍ ഇത് ചില കനേഡിയന്‍ പൗരന്മാര്‍ക്കിടയില്‍ ആശയക്കുഴപ്പത്തിനിടയാക്കി. അതിര്‍ത്തി കടന്ന് അമേരിക്കയിലെത്തി ഇന്ധനം നിറച്ച് കാനഡയിലേക്ക് തിരികെ കടക്കുമ്പോള്‍ ഇന്ധനത്തിന് ഡ്യൂട്ടി നല്‍കാന്‍ നിര്‍ബന്ധിതരാകുന്നതായി കനേഡിയന്‍ പൗരന്മാര്‍ പറയുന്നു. സമീപകാലത്ത് സുമാസ് അതിര്‍ത്തി കടന്നപ്പോള്‍ നികുതി അടയ്ക്കാന്‍ ആവശ്യപ്പെട്ടതായി നിരവധി ആളുകള്‍ പ്രാദേശിക അബോട്ട്‌സ്‌ഫോര്‍ഡ് ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലൂടെ പരാതി പറഞ്ഞു. 

അതേസമയം, കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി പ്രകാരം ഗ്യാസ് ലഭിക്കാന്‍ ബീസിയില്‍ നിന്ന് വാഷിംഗ്ടണിലേക്ക് പോകുകയാണെങ്കില്‍ നികുതി അടയ്‌ക്കേണ്ടി വരും. ഗ്യാസ് നിറയ്ക്കുന്നത് ഉള്‍പ്പെടെ അതിര്‍ത്തി കടന്ന് വരുമ്പോള്‍ എന്താണ് കൊണ്ടുവന്നതെന്ന് സിബിഎസ്എ ഓഫീസറെ അറിയിക്കേണ്ടതുണ്ട്. പമ്പിലെ രസീതുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ കയ്യില്‍ കരുതണം. 

വ്യക്തിഗത ഇളവുകള്‍ക്കപ്പുറമുള്ള വസ്തുക്കള്‍ എന്താണെന്ന് വിശദീകരിക്കുന്നതില്‍ യാത്രക്കാരന്‍ പരാജയപ്പെട്ടാല്‍ സിബിഎസ്എ ഉദ്യോഗസ്ഥന് കസ്റ്റംസ് ആക്ട് പ്രകാരം അപ്രഖ്യാപിത സാധനങ്ങളുടെ തീരുവയുടെ മൂല്യത്തിന്റെ 25 ശതമാനം, 40 ശതമാനം അല്ലെങ്കില്‍ 55 ശതമാനം പിഴ ചുമത്തിയേക്കാം.